/kalakaumudi/media/post_banners/f259c741527d51e0734260f4c2b413ac3dfdba86da4b085dcf78ac10e28bebf4.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭഛിദ്രം നടത്തുന്ന പ്രവണത കൂടി. പലര്‍ക്കും വിവാഹം കഴിഞ്ഞയുടനെ കുട്ടികള്‍ വേണ്ടെന്നും സര്‍ക്കാര്‍ ജോലി കിട്ടിയിട്ടു മതിയെന്നുമുള്ള ചിന്തയാണ് ഇതിനു കാരണമെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഒരുവിഭാഗം വിദേശത്തേക്കു ജോലിക്കു പോകാന്‍ വേണ്ടി ഗര്‍ഭധാരണം ഒഴിവാക്കുന്നുണ്ട്. ഇത് സംസ്ഥാനത്ത് പുതുതലമുറകള്‍ ഉണ്ടാകുന്നത് കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തിലെ ജനന നിരക്ക് കുറഞ്ഞിട്ടുണ്ട്. 2011ല്‍ 5,60,268 കുട്ടികളാണ് ജനിച്ചതെങ്കില്‍ 2021 ആയപ്പോഴേക്കും 4,19,767 കുട്ടികള്‍ മാത്രമാണ് ജനിച്ചത്. അതായത് 25.077 ശതമാനത്തിന്റെ കുറവ്. 2011ല്‍ ജനിച്ച കുട്ടികളില്‍ 213500 ആണ്‍ കുട്ടികളും (50.86%) 206250 പെണ്‍കുട്ടികളും (49.14%)ഉം ആണ് ജനിച്ചത്.
ഗര്‍ഭഛിദ്രം നടത്തുന്ന കുടുംബങ്ങള്‍ സാമ്പത്തിക ഭദ്രതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മാത്രമല്ല ഒരു കുഞ്ഞ് മതിയെന്ന ചിന്താഗതി വര്‍ദ്ധിക്കുകയും കുഞ്ഞുങ്ങള്‍ വേണ്ടെന്ന് ചിന്തിക്കുന്നവരും വര്‍ദ്ധിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചില ദമ്പതകികളാകട്ടെ കുഞ്ഞുങ്ങള്‍ പതുക്കെ മതിയെന്നും ചിന്തിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം പ്രായം പോലും കണക്കിലെടുക്കാറില്ല.
കുഞ്ഞുങ്ങള്‍ വേണമെന്ന ചിന്ത വരുമ്പോഴേക്കും അവര്‍ക്ക് പ്രായവും കൂടുതലായിരിക്കും. ആ സമയത്തെ ഗര്‍ഭധാരണം വളരെ പ്രയാസമാകുമെന്ന് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നു. അതേസമയം 30 വയസില്‍ താഴെയുള്ളവര്‍ വന്ധ്യതാ ചികിത്സ തേടുന്ന പ്രവണത കുറഞ്ഞിട്ടുണ്ട്.