നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു

By Web Desk.09 11 2023

imran-azhar

 

 


കൊച്ചി: ചലച്ചിത്ര നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് (61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു അന്ത്യം.

 

മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് മിമിക്രിയിലൂടെയാണ് കലാരംഗത്ത് എത്തിയത്. ചെപ്പുകിലുക്കണ ചങ്ങാതിയാണ് ആദ്യ ചിത്രം. നിരവധി സീരിയലുകളിലും വേഷമിട്ടു. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

 

പഠനകാലത്ത് തന്നെ മിമിക്രിയിലും മോണോആക്ടിലും സജീവമായിരുന്നു. പ്രീഡിഗ്രി പഠനത്തിന് ശേഷം കുറച്ചുകാലം പോസ്‌റ്റോഫീസ് ജീവനക്കാരനായും ഹാര്‍ഡ് വെയര്‍ കമ്പനിയുടെ സെയില്‍സ് റെപ്രസന്റേറ്റീവായും പ്രവര്‍ത്തിച്ചു. അതിനൊപ്പം മിമിക്രിയും അവതരിപ്പിച്ചു.

 

മിമിക്രി കലാകാരനും സിനിമാ താരവുമായ സൈനുദ്ദിനാണ് ഹനീഫിനെ കൊച്ചിന്‍ കലാഭവനില്‍ എത്തിച്ചത്. അവിടെ ജയറാം, സിദ്ദിഖ്, ലാല്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

 

കലാഭവന് വിട്ട് കുറച്ചുകാലം പിതാവിന്റെ ബിസിനസ് ചെയ്തു. ഇക്കാലത്ത് റിലാക്‌സ് എന്ന മിമിക്രി ട്രൂപ്പിലും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് സിനിമയില്‍ പൂര്‍ണമായും ശ്രദ്ധിച്ചത്. ചെറുതും വലുതുമായി നിരവധി വേഷങ്ങളില്‍ ഹനീഫ് വെള്ളിത്തിരയിലെത്തി. ജലധാര പമ്പുസെറ്റാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

 

പിതാവ് ഹംസ, മാതാവ് സുബൈദ. വാഹിദയാണ് ഭാര്യ. മക്കള്‍ ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.

 

 

OTHER SECTIONS