കലോത്സവ വേദിയില്‍ എത്തിയത് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്! അതിന്റെ രഹസ്യം പറഞ്ഞ് മമ്മൂട്ടി

വിവേചനങ്ങളൊന്നുമില്ലാതെ, പലതരം കലകളുടെ സമ്മേളനമാണ് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവമെന്ന് മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി. ജനങ്ങളുടെ ആഗ്രഹപ്രകാരം വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് താന്‍ എത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു.

author-image
web des
New Update
കലോത്സവ വേദിയില്‍ എത്തിയത് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്! അതിന്റെ രഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം: വിവേചനങ്ങളൊന്നുമില്ലാതെ, പലതരം കലകളുടെ സമ്മേളനമാണ് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവമെന്ന് മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി. ജനങ്ങളുടെ ആഗ്രഹപ്രകാരം വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് താന്‍ എത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. അതിന്റെ രഹസ്യവും താരം വെളിപ്പെടുത്തി. കലോത്സവത്തിനെത്താനായി പുതിയ ഉടുപ്പും കൂളിംഗ് ഗ്ലാസും ഒരുക്കിവച്ചു.

അപ്പോഴാണ് ഒരു വീഡിയോ കണ്ടത്. മമ്മൂട്ടി ഏത് ഉടുപ്പിട്ടാവും ഇവിടെ വരിക എന്നാണ് അതില്‍ ചോദിക്കുന്നത്. മുണ്ടും വെളള്ള ഷര്‍ട്ടും ധരിച്ചാവും വരികയെന്നും വീഡിയോയില്‍ പറയുന്നത് കേട്ടു. അതുകൊണ്ടാണ് ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നതെന്നും മമ്മൂട്ടി പൊട്ടിച്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു.

എന്നെപ്പോലൊരാള്‍ക്ക് ഈ പരിപാടിയില്‍ എന്തുകാര്യം എന്നാണ് സ്‌കൂള്‍ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിനു ക്ഷണിച്ചപ്പോള്‍ ചിന്തിച്ചത്. നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനെന്നു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഞാനിപ്പോഴും യുവാവാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. കാഴ്ചയിലേ അങ്ങനെയുള്ളൂ. എനിക്കു വയസ്സ് പത്തുതൊണ്ണൂറായി.

ഇത്ര വലിയ ജനക്കൂട്ടം കാണുമ്പോള്‍ പരിഭ്രമമുണ്ട്. വാക്കുകള്‍ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതാണ് അതിലൊന്ന്. മഴ വരാനുള്ള സാധ്യതയുള്ളതാണ് മറ്റൊന്ന്. പെട്ടെന്നു മഴ പെയ്താല്‍ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോയെന്നാണ് ആശങ്ക.

കലാപരിപാടികളിലെ വിജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുത്. നാം അവതരിപ്പിക്കുന്നത് കലാപ്രകടനം മാത്രമാണ് എന്നോര്‍ക്കണം. മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെയാണ്.

ഒരു കലോത്സവത്തിലും പങ്കെടുക്കാത്തയാളാണ് ഞാന്‍. ആ എനിക്ക് നിങ്ങളുടെ മുന്നില്‍ വന്ന് ഇങ്ങനെ സംസാരിക്കാന്‍ അര്‍ഹത കിട്ടിയെങ്കില്‍, ഈ കലാപാരിപാടിയില്‍ പങ്കെടുത്തു പരാജയപ്പെട്ടവര്‍ക്കും വിജയിച്ചവര്‍ക്കും ഒരുപോലെ അവസരങ്ങളുണ്ടാകും.

ക്ഷേത്രകലകള്‍, മാപ്പിളപ്പാട്ട് തുടങ്ങി കേരളത്തിലെ എല്ലാത്തരം കലകളും യാതൊരു വിവേചനവുമില്ലാതെ സമ്മേളിക്കുന്നതാണു സ്‌കൂള്‍ കലോത്സവം. ചെറുപ്പത്തില്‍തന്നെ കുട്ടികളുടെ മനസ്സിലേക്ക് അനാവശ്യ ചിന്തകളില്ലാതെ വിവേചനവും വേര്‍തിരിവുകളുമില്ലാതെ കൂടെയുള്ളതു സുഹൃത്താണ്, സഹപാഠിയാണ് എന്ന ബോധ്യത്തോടെയാണ് ഇവിടെ പരിപാടികള്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി പറഞ്ഞു.

kerala mammootty kalolsavam