നടൻ ശരത് കുമാറിന്‍റെ സമത്വ മക്കൾ കക്ഷി എൻ.ഡി.എ സഖ്യത്തിലേയ്ക്ക്?; ലക്ഷ്യം കന്യാകുമാരി, തിരുനെൽവേലി മണ്ഡലങ്ങൾ

നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കന്യാകുമാരി, തിരുനെൽവേലി മണ്ഡലങ്ങൾ തങ്ങൾക്ക് നൽകണമെന്ന് സമത്വ മക്കൾ കക്ഷി ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

author-image
Greeshma Rakesh
New Update
നടൻ ശരത് കുമാറിന്‍റെ സമത്വ മക്കൾ കക്ഷി എൻ.ഡി.എ സഖ്യത്തിലേയ്ക്ക്?; ലക്ഷ്യം കന്യാകുമാരി, തിരുനെൽവേലി മണ്ഡലങ്ങൾ

ചെന്നൈ: തമിഴ് നടൻ ശരത് കുമാറിന്‍റെ പാർട്ടിയായ സമത്വ മക്കൾ കക്ഷി എൻ.ഡി.എ സഖ്യത്തിലേയ്ക്കെന്ന് റിപ്പോർട്ടുകൾ.നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കന്യാകുമാരി, തിരുനെൽവേലി മണ്ഡലങ്ങൾ തങ്ങൾക്ക് നൽകണമെന്ന് സമത്വ മക്കൾ കക്ഷി ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകൾ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളാണ്. നേരത്തെ, തെങ്കാശിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ശരത് കുമാർ. എന്നാൽ, ഒരു സീറ്റ് നൽകാമെന്നാണ് ബി.ജെ.പി മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം.

ശരത് കുമാർ ബി.ജെ.പിയുമായി സഖ്യചർച്ചകൾ നടത്തുകയാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മോദിയെ പ്രകീർത്തിച്ച് അദ്ദേഹം സംസാരിച്ചതോടെ ഈ സംശയം ഏറെകുറെ ബലപ്പെട്ടിരുന്നു. 'ലോകം ഇന്ന് ഇന്ത്യയെ കൂടുതൽ പ്രാധാന്യത്തോടെ കാണുന്നതിന് കാരണക്കാരൻ മോദിയാണ്. ലോകത്തിന് മുന്നിൽ പുതിയ ഇന്ത്യയെ സൃഷ്ടിച്ചത് മോദിയാണ്' എന്നായിരുന്നു ശരത് കുമാറിന്റെ വാക്കുകൾ.

1996ൽ ഡി.എം.കെയിലൂടെയാണ് നടന്‍റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർഥിയായി തിരുനെൽവേലി മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അതിനുശേഷം 2001ൽ ഡി.എം.കെയുടെ രാജ്യസഭാംഗമായി. 2006ൽ ശരത്കുമാർ ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെയിൽ ചേർന്നു.

ഭാര്യ രാധികയെ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ 2007ൽ പാർട്ടി വിട്ട് സമത്വ മക്കൾ കക്ഷി രൂപീകരിക്കുകയായിരുന്നു.2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെങ്കാശിയിൽ നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. 2021ലെ തെരഞ്ഞെടുപ്പിൽ നടൻ കമൽഹാസന്‍റെ മക്കൾ നീതി മയ്യത്തോടൊപ്പം മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

tamil nadu politics actor sarath kumar samathuva makkla katchi bjp alliance