/kalakaumudi/media/post_banners/84e9948b2c7e802bd98c05f9aa43026d80cbda63e34bec169c361a53d3926a56.jpg)
ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ഥിത്വം നല്കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം നിരസിച്ച് കന്നഡ നടന്‍ ശിവരാജ്കുമാര്‍. ഇഡിഗ സമുദായത്തിന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വാഗ്ദാനം നടന്‍ നിരസിച്ചത്. എന്നാല്‍ സിനിമയല്ലാതെ മറ്റൊന്നിനോടും താല്‍പര്യമില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശിവരാജ്കുമാര്‍ വ്യക്തമാക്കി.
അതേസമയം ഭാര്യയും മുന്‍ മുഖ്യമന്ത്രി ബംഗാരപ്പയുടെ മകളുമായ ഗീത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്നും ശിവരാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവമൊഗ്ഗയില്‍ ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഗീത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ശിവരാജ്കുമാറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനു ഇറങ്ങിയിരുന്നു.