'സത്യം വിജയിച്ചു, ഞങ്ങള്‍ക്കൊപ്പം നിന്നവരോട് നന്ദി' ; സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് ഗൗതം അദാനി

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഗൗതം അദാനി.

author-image
anu
New Update
'സത്യം വിജയിച്ചു, ഞങ്ങള്‍ക്കൊപ്പം നിന്നവരോട് നന്ദി' ; സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് ഗൗതം അദാനി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഗൗതം അദാനി. 'സത്യം വിജയിച്ചു' എന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. ''സത്യം വിജയിച്ചു. സത്യമേവ ജയതേ. ഞങ്ങള്‍ക്കൊപ്പം നിന്നവരോട് നന്ദി. ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രത്തില്‍ ഞങ്ങളുടെ എളിയ സംഭാവന തുടരും. ജയ് ഹിന്ദ്'' എന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം സുപ്രീം കോടതി വിധിക്കു പിന്നാലെ ഓഹരി വിപണിയിലും അദാനി ഗ്രൂപ്പ് ഓഹരികള്‍ നേട്ടമുണ്ടാക്കി. അദാനി എന്റര്‍പ്രൈസിന് 4 ശതമാനത്തിലേറെയാണ് നേട്ടമുണ്ടായത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണമില്ലെന്ന് അറിയിച്ച കോടതി, സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നല്‍കുമെന്ന് വ്യക്തമാക്കിരുന്നു. സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും കോടതി അറിയിച്ചു. 22 വിഷയങ്ങളില്‍ 20 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കിയെന്നും സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പ് കണക്കിലെടുത്ത് മറ്റു രണ്ട് കേസുകളുടെ അന്വേഷണം 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സെബിയോട് നിര്‍ദ്ദേശിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സെബിയില്‍ നിന്ന് പ്രത്യേക അന്വേഷണ സമിതിയിലേക്ക് മാറ്റുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഹര്‍ജിയില്‍ വിധി പറയുന്നതിനിടെ, മാധ്യമവാര്‍ത്തകളെ ആശ്രയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മതിയായ ഗവേഷണമില്ലാത്തതും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളെ ആശ്രയിക്കുന്നതുമായ ഹര്‍ജികള്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് അനാമിക ജയ്‌സ്വാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബര്‍ 24നു വിധി പറയാന്‍ മാറ്റിയിരുന്നു.

national news Latest News