/kalakaumudi/media/post_banners/1946498401a5cefb566e791038069237eaa74dcffc31e523896301068c6e0883.jpg)
ഇടുക്കി: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ദയാവധത്തിന് തയ്യാറാണെന്ന് ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി വൃദ്ധദമ്പതികൾ. ഇടുക്കി അടിമാലി സ്വദേശികളായ ശിവദാസ്-ഓമന ദമ്പതികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ദിവ്യാംഗയായ ഓമനയ്‌ക്കും വിവിധ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലിരിക്കുന്ന 72-കാരനായ ശിവദാസനും മാസങ്ങളായി പെൻഷൻ മുടങ്ങിയിട്ട്.
ഏക ആശ്രയം ഇല്ലാതായതോടെ ഒരു മാസത്തേയ്‌ക്കുള്ള 3,000 രൂപയുടെ മരുന്നു വാങ്ങാൻ കടം വാങ്ങേണ്ട സ്ഥിതിയാണ് ഇവർക്ക്. വനവാസി വിഭാഗത്തിൽ പെട്ടവരാണ് ശിവദാസനും ഓമനയും.ഉപജീവനത്തിനായി പെട്ടിക്കട നടത്തിയിരുന്ന ഇവർക്ക് ഇപ്പോൾ കടയിൽ സാധനങ്ങൾ വാങ്ങി വയ്‌ക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പെട്ടിക്കടയുടെ പ്രവർത്തനം അവസാനിച്ചതോടെ ഏക വരുമാന മാർഗം പൂർണമായും നിലച്ചു. ഇതോടെയാണ് ദയാവധത്തിന് തയാറാണെന്ന് കാണിച്ചുള്ള ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി ദമ്പതികൾ രംഗത്തെത്തയിത്.
ഇതിനുമുമ്പും സംസ്ഥാന സർക്കാറിന്‍റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് പ്രതിഷേധം നടന്നിരുന്നു. ഇടുക്കി അടിമാലിയിൽ 70കാരിയായ മറിയക്കുട്ടിയും അന്നമ്മയും നടത്തിയ പ്രതിഷേധം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസം മുമ്പ് 90കാരിയായ പൊന്നമ്മയും പെൻഷന് വേണ്ടി തെരുവിലിറങ്ങി.
വണ്ടിപ്പെരിയാറിലായിരുന്നു പൊന്നമ്മയുടെ പ്രതിഷേധം. റോഡിന് നടുവിൽ കസേര ഇട്ടിരുന്നായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസ് ഇടപെട്ട് പൊന്നമ്മയെ അനുനയിപ്പിച്ചു. വിഷയത്തിൽ ഇടപെട്ട കോൺഗ്രസും ബിജെപിയും പൊന്നമ്മയ്ക്ക് സംരക്ഷണം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.