പ്രവാസികള്‍ക്ക് തിരിച്ചടി; രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ലൈന്‍

ടിക്കറ്റ് നിരക്കിന് പുറമെ നൽകേണ്ട മൈനർ സർവീസ് ചാർജുകൾ 5,000 രൂപയിൽ നിന്ന് (ഏകദേശം 221 ദിർഹം) 10,000 രൂപയായി (ഏകദേശം 442 ദിർഹം) വർധിപ്പിച്ചു.

author-image
Greeshma Rakesh
New Update
പ്രവാസികള്‍ക്ക് തിരിച്ചടി; രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ലൈന്‍

ദുബൈ: രക്ഷിതാക്കള്‍ക്കൊപ്പമല്ലാത്ത കുട്ടികൾക്ക് യാത്ര ചെയ്യുന്നതിന് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ടിക്കറ്റ് നിരക്കിന് പുറമെ നൽകേണ്ട മൈനർ സർവീസ് ചാർജുകൾ 5,000 രൂപയിൽ നിന്ന് (ഏകദേശം 221 ദിർഹം) 10,000 രൂപയായി (ഏകദേശം 442 ദിർഹം) വർധിപ്പിച്ചു.

2018 മുതലാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കിന് പുറമേ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് യുഎഇയില്‍ അഞ്ചിനും 18നും ഇടയിലും, മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അഞ്ചിനും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളെയുമാണ് രക്ഷിതാക്കള്‍ അനുഗമിക്കേണ്ട വിഭാഗത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ രണ്ട് മാസം മുമ്പ് തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് പരിഷ്‌കരിച്ചതായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോള്‍ സെന്റര്‍ ഏജന്റ് പറയുന്നത്. അവധി ലഭിക്കാത്തതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളെ തനിച്ച് നാട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് പുതിയ തീരുമാനം.

2021-ലാണ് ടാറ്റ ഗ്രൂപ്പ് 180 കോടി രൂപയ്ക്ക് (ഏകദേശം 8.8 ബില്യൺ ദിർഹം) സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ വാങ്ങിയത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ സ്ഥാപനമായ വിസ്താരയുമായുള്ള ലയനവും പുതിയ യൂണിഫോം തു‍ടങ്ങിയ നിരവധി മാറ്റങ്ങൾ ഇക്കാലയളവിൽ എയർലൈനുണ്ടായി.

air india express service charge flight ticket unaccompanied minors