അന്വേഷണവും വിചാരണയും വേ​ഗത്തിൽ; ആലുവയില്‍ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വിധി ശനിയാഴ്ച

കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

author-image
Greeshma Rakesh
New Update
അന്വേഷണവും വിചാരണയും വേ​ഗത്തിൽ; ആലുവയില്‍ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വിധി ശനിയാഴ്ച

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ വിധി ശനിയാഴ്ച പറയും.ഒക്ടോബര്‍ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മിന്നല്‍ വേഗത്തില്‍ വിധി പറയുന്നത്.കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസ് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചിരുന്നു.തുടർന്ന് 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു.

ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിട്ടുള്ളത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷവരെ ലഭിക്കാം.

കുട്ടി താമസിച്ചിരുന്നതിനടുത്ത് തന്നെയായിരുന്നു അസഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.

തുടർന്ന് തെളിവ് നശിപ്പിക്കാന്‍ പ്രതി കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി. പ്രതിയെ അന്ന് തന്നെ പിടിയിരുന്നു.

50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ പ്രതി മുന്‍പും ജയിലില്‍ കിടന്നിട്ടുണ്ട്.നിലവിൽ പ്രതിക്കെതിരെ എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചാണ് എറണാകുളത്തെ പോക്സോ കോടതി വിധി പറയുന്നത്.

aluva girl rape and murder case aluva Verdict