ആലുവ മാര്‍ക്കറ്റ് രൂപരേഖയില്‍ മാറ്റം; കേന്ദ്ര പദ്ധതി വഴി ധനസമാഹരണത്തിന് ശ്രമം

By Web Desk.06 12 2023

imran-azhar

 

 

ആലുവ: ആലുവയില്‍ പുതിയ മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കുന്നതിനായി മുനിസിപ്പാലിറ്റി തയ്യാറാക്കിയ രൂപരേഖയില്‍ ചിലമാറ്റങ്ങള്‍ വരുത്തി. കേരളം സര്‍ക്കാര്‍ അംഗീകരിച്ച ഈ രൂപരേഖ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഫിഷറീസ് ആന്‍ഡ് ആനിമല്‍ ഹസ്ബന്ററി വിഭാഗത്തിന്റെ അന്തിമ അംഗീകാരത്തിനായി അയച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ എന്നിവര്‍ അറിയിച്ചു. മാര്‍ക്കറ്റിന്റെ നിര്‍മാണത്തിനായി 50 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്.

 

കേന്ദ്ര സര്‍ക്കാരിന് കൈമാറിയ ഡി പി ആര്‍ പ്രകാരമുള്ള മാര്‍ക്കറ്റ് സമുച്ചയത്തിന് ആവശ്യമായ 50 കോടിയില്‍ 60% ആയ 30 കോടി കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയില്‍ നിന്നുമാണ് ലഭിക്കേണ്ടത് എന്നും ബാക്കിയുള്ള 40% ആയ 20 കോടി രൂപ കേരളം സര്‍ക്കാരുമാണ് വഹിക്കേണ്ടത് എന്നാണ് എസ്റ്റിമേറ്റിലെ ഫണ്ടിങ്ങ് പാറ്റേണില്‍ വിശദീകരിച്ചിരിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന 20 കോടിയില്‍ 5 കോടി രൂപ ആലുവ മുനിസിപ്പാലിറ്റി കൊടുക്കാമെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

 

പുതുതായി നിര്‍മിക്കുന്ന മാര്‍ക്കറ്റിന്റെ രൂപരേഖ പ്രകാരം ബേസ്മെന്റ് ഫ്‌ലോര്‍, ഗ്രൗണ്ട് ഫ്‌ലോര്‍, മെസാനിന്‍ ഫ്‌ലോര്‍, ഒന്നാം നില ഇങ്ങനെ നാലു നിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് നിര്‍മാണം നടത്തുക. ഇതില്‍ റസ്റ്റോറന്റും സൂപ്പര്‍മാര്‍ക്കറ്റും കൂടാതെ 88 ഷോപ്പുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലേഡീസ്, ജെന്റ്‌സ്, ട്രാന്‍സ്‌ജെന്റേഴ്സ്, ശാരീരിക പരിമിതിയുള്ളവര്‍ എന്നിവര്‍ക്കായി പ്രത്യേകം ടോയ് ലെറ്റുകള്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍ പ്രായാധിക്യമുള്ളവര്‍ക്ക് തെന്നാത്ത ടൈലുകള്‍ പതിച്ച റാമ്പ് എന്നീ സംവിധാനവും മാര്‍ക്കറ്റ് സമുച്ചയത്തില്‍ ഉണ്ടായിരിക്കും.

 

മത്സ്യമാംസാദികള്‍ ശീതീകരിച്ചുവയ്ക്കുന്നതിനും അതിനാവശ്യമായ ഒരുക്കങ്ങള്‍ ചെയ്യുന്നതിനുള്ള സൗകര്യവും മലിനജലം ശുദ്ധീകരിക്കുന്നതിന് ട്രീറ്റ് മെന്റ് പ്ലാന്റും പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

OTHER SECTIONS