/kalakaumudi/media/post_banners/4bb5f75b4d32d7a093627f288bfd06402dc9a01bfef85e77cefe9dce6290d0d0.jpg)
കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച ആലുവ കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ തന്റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
ശിക്ഷാവിധിയില്‍ വാദം വ്യാഴാഴ്ചയാണ് നടക്കുക. എറണാകുളം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസിലെ പ്രതിയായ ബിഹാര്‍ സ്വദേശി അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ ചുമത്തിയ 16 കുറ്റകൃത്യങ്ങളും തെളിഞ്ഞു. കുറ്റകൃത്യം നടന്ന് നൂറു ദിവസത്തിനുള്ളിലായിരുന്നു പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
പ്രതി പരിവര്‍ത്തനത്തിന് വിധേയകനാകുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. പ്രതിയുടെ മാനസിക നില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് ശേഷം നവംബര്‍ 9 ന് ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുമെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ വ്യക്തമാക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസായിട്ടാണ് ഇത് പരിഗണിക്കുന്നതെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം ചില റിപ്പോര്‍ട്ടുകള്‍ വാങ്ങിക്കേണ്ടതുണ്ട്. പ്രതിക്ക് മാനസാന്തരത്തിനുള്ള സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച് സ്റ്റേററ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആ റിപ്പോര്‍ട്ട് തയ്യാറാണ്. അതിന് ശേഷം ജയിലില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കണം. കൂടാതെ പ്രൊബേഷണറി ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ജൂലൈ 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു പ്രതിയും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ അന്ന് തന്നെ പിടികൂടിയിരുന്നു. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ പ്രതി മുന്‍പും ജയിലില്‍ കിടന്നിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.
ഒക്ടോബര്‍ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി വളരെ പെട്ടന്നാണ് വിധി പറയുന്നത്.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നെണ്ണത്തിന് പരമാവധി വധശിക്ഷവരെ ലഭിക്കാം.