മക്കള്‍ ഉപേക്ഷിച്ചു; ആരോരുമില്ലാതെ ആ അമ്മ യാത്രയായി....

കുമളിയില്‍ മക്കള്‍ സംരക്ഷിക്കാത്തതിനെത്തുടര്‍ന്ന് അവശയിലായിരുന്ന അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യു (76) ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു

author-image
Athira
New Update
മക്കള്‍ ഉപേക്ഷിച്ചു; ആരോരുമില്ലാതെ ആ അമ്മ യാത്രയായി....

കുമളി: കുമളിയില്‍ മക്കള്‍ സംരക്ഷിക്കാത്തതിനെത്തുടര്‍ന്ന് അവശയിലായിരുന്ന അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യു (76) ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ആരും നോക്കാനില്ലാതെ അവശയിലായിരുന്ന അന്നക്കുട്ടിയെ പോലീസ് ഇടപെട്ട് ആശുപത്രിയിലാക്കിയത്.നരകയാതന അനുഭവിച്ച് ദിവസങ്ങളോളം അന്നക്കുട്ടി ആ വാടകവീട്ടില്‍ കിടന്നു. ബാങ്ക് ഉദ്യോഗസ്തനായ മകനെ വിളിച്ചുവരുത്തിയെങ്കിലും വളര്‍ത്തു നായയെ നോക്കാനാളില്ലെന്ന് പറഞ്ഞ് തിരികെപ്പോയി. മണിക്കൂറുകള്‍ക്കുള്ളില്‍ ആ അമ്മ മരിച്ചു.

കുമളിയില്‍ വാടകവീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നമ്മയ്ക്ക് വീണതിനെത്തുടര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റത്. മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതി വെള്ളിയാഴ്ചയാണ് കുമളി പോലീസിന് ലഭിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ കാണുന്നത് ഒടിഞ്ഞ വലതുകൈയുമായി ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായ അന്നക്കുട്ടിയേയാണ്.

കുമളി സി.ഐ. ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ അന്നക്കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ടെന്നും ഇരുവരും വിവാഹം കഴിച്ച് കുമളിയില്‍ത്തന്നെയാണ് താമസമെന്നും നാട്ടുകാര്‍ പറഞ്ഞു. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടകവീടെടുത്ത് അന്നക്കുട്ടിയെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം അന്നക്കുട്ടിതന്നെ പോലീസിനെ അറിയിച്ചു. മകള്‍ മാസംതോറും നല്‍കിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരുവര്‍ഷത്തോളമായി കഴിഞ്ഞിരുന്നതെന്നും അവര്‍ പറഞ്ഞു.

ഒടുവില്‍ കുമളിയിലെ വനിതാപോലീസിനെ അന്നക്കുട്ടിയെ പരിചരിക്കാന്‍ നിയോഗിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുമളി പോലീസ്. നാട്ടുകാരുടെ സഹായത്തോടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് കുമളി എസ്.എച്ച്.ഒ. ജോബിന്‍ ആന്റണി അറിയിച്ചു.

 

 

 

 

 

 

Latest News kerala news news updates