അരുണാചൽ പ്രദേശിൽ നേതാക്കളുടെ സന്ദർശനം ആഭ്യന്തര കാര്യം; ചൈന ഇടപെടരുതെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന എംഎഫ്എ വക്താവ് നടത്തിയ പരാമർശത്തിനെതിരെ ഇന്ത്യ

author-image
Greeshma Rakesh
New Update
അരുണാചൽ പ്രദേശിൽ നേതാക്കളുടെ സന്ദർശനം ആഭ്യന്തര കാര്യം; ചൈന ഇടപെടരുതെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന എംഎഫ്എ വക്താവ് നടത്തിയ പരാമർശത്തിനെതിരെ ഇന്ത്യ.അരുണാചൽ എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. മറ്റ് സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതുപോലെ ഇന്ത്യൻ നേതാക്കൾ ഇടയ്ക്കിടെ അരുണാചൽ പ്രദേശ് സന്ദർശിക്കാറുണ്ട്.

 

അത്തരം സന്ദർശനങ്ങളിലോ ഇന്ത്യയുടെ വികസന പദ്ധതികളിലോ ചൈന ഇടപടേണ്ടതില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.ചൈനയുടെ അത്തരം പരാമർശങ്ങൾ തികച്ചും യുക്തി രഹിതമാണെന്നും രൺധീർ ജയ്‌സ്വാൾ വിമർശിച്ചു.

ഇന്ത്യ- ചൈന അതിർത്തയിൽ നിർമിച്ച സെല ടണൽ മാർച്ച് 9ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.അതിർത്തി പ്രദേശങ്ങളിലേക്ക് സൈനികരുടെ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി നിർമിച്ച ടണൽ അരുണാചൽ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. തന്ത്രപ്രധാന മേഖലയിൽ ഇന്ത്യ നിർമിച്ച ടണൽ യഥാർത്ഥത്തിൽ ചൈനയ്‌ക്ക് തിരിച്ചടിയാണ്. ഇതൊടെയാണ് പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനത്തെ എതിർത്ത് ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.

മാർച്ച് 11 നാണ് പ്രധാനമന്ത്രിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിൽ ഇന്ത്യയോട് നയതന്ത്ര പ്രതിഷേധം ചൈന അറിയിച്ചത്. ഇന്ത്യയുടെ നീക്കങ്ങൾ പരിഹരിക്കപ്പെടാത്ത അതിർത്തി പ്രശ്‌നത്തെ സങ്കീർണ്ണമാക്കുക മാത്രമേ ചെയ്യൂ എന്ന് പറഞ്ഞുകൊണ്ട് പ്രദേശത്തിന് മേലുള്ള അവകാശവാദം ചൈന ആവർത്തിച്ചിരുന്നു.

അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റാണെന്നാണ് ചൈനയുടെ അവകാശവാദം. തങ്ങളുടെ അവകാശവാദങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ഇന്ത്യൻ നേതാക്കളുടെ അരുണാചൽ സന്ദർശനങ്ങളെ ചൈന പതിവായി എതിർക്കുന്നു. ബീജിംഗ് ഈ പ്രദേശത്തിന് സാങ്‌നാൻ എന്നും പേരിട്ടിരുന്നു.

സാങ്‌നാൻ പ്രദേശം ചൈനയുടെ പ്രദേശമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ നേരത്തെ പറഞ്ഞിരുന്നു.അതിനാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിൽ ചൈന എപ്പോഴും അസ്വസ്ഥരാണ്.

india china narendra modi arunachal pradesh Randhir Jaiswal