നിയമസഭ തെരഞ്ഞെടുപ്പ്: മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ ആരൊക്കെ? സാധ്യത

By Greeshma Rakesh.08 12 2023

imran-azhar

 

 

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മൂന്ന് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി ആരൊക്കെയാകും എന്ന ചർച്ചകൾ തുടരുന്നു. തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

 

ഇതിൽ തെലങ്കാനയിൽ കോൺഗ്രസും ബാക്കി മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയുമാണ് വിജയിച്ചത്.തെലങ്കാനയിൽ കോൺഗ്രസ് മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

 

എന്നാൽ ബിജെപി വിജയിച്ച സംസ്ഥാനങ്ങളിൽ ആരാകും മുഖ്യമന്ത്രിയെന്ന ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ചയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്ന് പറയുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇതുവരെയും ചിത്രം തെളിഞ്ഞിട്ടില്ല.

 


ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള കേന്ദ്ര നിരീക്ഷകരെ ബിജെപി വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇവർ സംസ്ഥാനങ്ങളിലെത്തി എംഎൽഎമാരെ കണ്ട് ആർക്കാകും പിന്തുണയെന്ന് ഉറപ്പിച്ചാകും തീരുമാനമെടുക്കുക.

 

മധ്യപ്രദേശിൽ ശിവ്‌രാജ് സിങ് ചൗഹാൻ ഇത്തവണ മുഖ്യമന്ത്രിയാകാനില്ലെന്ന് സൂചനകൾ നൽകിയിരുന്നു. ചൗഹാൻ ഇത്തരമൊരു പ്രസ്താവന നടത്തിയെങ്കിലും അദ്ദേഹത്തിന്‍റെ അനുയായികൾ ഈ തീരുമാനത്തിൽ തൃപ്തരല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാമാജി തന്നെ സംസ്ഥാനത്തെ നയിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 


സമവായത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പ് വരെ ചൗഹാനെ തന്നെ മുഖ്യമന്ത്രിയാക്കാനാകും പാർട്ടി തീരുമാനിക്കുക. അങ്ങനെവന്നാൽ അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷമാകും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക.

 

നരേന്ദ്രസിങ് തോമർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. മകന്‍റെ പേരിലുള്ള അഴിമതി ആരോപണങ്ങളാണ് തടസ്സമാകുന്നത്.

 


ഛത്തീസ്ഗഡിൽ നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് ഗോത്രവർഗ നേതാവും കേന്ദ്രമന്ത്രിയുമായ രേണുക സിങ്ങാണ്. ഇവരും ഇന്നലെ നദ്ദയെ സന്ദർശിച്ചിരുന്നു. രമൺ സിങ്ങിനെ പരിഗണിക്കില്ലെന്ന സൂചന വന്നതോടെ അദ്ദേഹത്തിന്‍റെ അനുയായികളും രംഗത്തിറങ്ങിയിട്ടുണ്ട്.

 

അതെസമയം ബിജെപി നേതൃത്വത്തിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് രാജസ്ഥാനാണ്. വസുന്ധര രാജെ ഇവിടെ മുഖ്യന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

ഡൽഹിയിലെത്തിയ ഇവർ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി ചർച്ച നടത്തിയിരുന്നു. വസുന്ധരയ്ക്ക് പുറമെ, കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന്‍റെ പേരും ഉയർന്നുവരുന്നുണ്ട്. ദിയാകുമാരി, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നിവരും പരിഗണനയിലുണ്ട്.

 

 

 

OTHER SECTIONS