/kalakaumudi/media/post_banners/dca8a17a466c262bb6d8e64d0746b913635042176eea2acd3d78ba7c3efbab48.jpg)
ഹൈദരാബാദ്; തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി മുന്‍ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വീടുകളിലും ഓഫിസുകളില്‍ നിന്നും അനതികൃതമായി കൈവശപ്പെടുത്തിയ സ്വത്തുക്കള്‍ കണ്ടെത്തി. 100 കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുവകകളാണ് അഴിമതി വിരുദ്ധ ബ്യൂറോ(എസിബി) റെയ്ഡില്‍ കണ്ടെത്തിയത്.
40 ലക്ഷം രൂപയുടെ കറന്‍സി നോട്ട്, രണ്ട് കിലോഗ്രാം സ്വര്‍ണാഭരണം, 60 ആഡംബര വാച്ചുകള്‍, വസ്തുവിന്റെ പ്രമാണങ്ങള്‍, വലിയ തുകകളുടെ ബാങ്ക് നിക്ഷേപ രേഖ, 14 ഫോണ്‍, 10 ലാപ്‌ടോപ്, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. അനധികൃതമായി സ്വത്ത് സമ്പാദിച്ച ശിവ ബാലകൃഷ്ണയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളുടെ ബാങ്ക് ലോക്കറുകളടക്കം വിശദമായി പരിശോധിക്കുമെന്നും റെയ്ഡ് തുടരുമെന്നും എസിബി വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കു പെര്‍മിറ്റ് അനുവദിച്ചതിലൂടെ കോടിക്കണക്കിനു രൂപ ഇയാള്‍ കൈക്കൂലി വാങ്ങിയെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി എസിബി അറിയിച്ചു.
അപ്രതീക്ഷിതമായി എത്തിയ എസിബി സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഒരേ സമയത്തായിരുന്നു റെയ്ഡ്. ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടന്നു. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും ഓഫിസുകളടക്കം 20 ഇടങ്ങളില്‍ പരിശോധിച്ചു. റെയ്ഡ് തുടരുമെന്ന് എസിബി വ്യക്തമാക്കി.