/kalakaumudi/media/post_banners/13d3829d550e9f59b960e8b7a00ae7ab562a9dd96f8062b9d69379e1ed63a91a.jpg)
തിരുവനന്തപുരം: പ്രതികളെ പാര്‍പ്പിക്കാന്‍ ഇടമില്ലാതെ അട്ടക്കുളങ്ങര വനിതാ ജയില്‍. കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് ഇതിനു കാരണം. എന്നാല്‍ പലതവണ ജയില്‍ അധികൃതര്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട കെട്ടിടമായതിനാലാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
ഇതോടെ അട്ടക്കുളങ്ങര വനിതാ ജയിലിലെ പ്രതികളെ മറ്റു ജയിലുകളിലേക്കു മാറ്റുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. അട്ടക്കുളങ്ങര ജയിലില്‍ ആകെ 24 സെല്ലുകളാണുള്ളത്. ഇതില്‍ 19 എണ്ണവും തകര്‍ന്ന നിലയിലാണ്. 24 സെല്ലുകളിലായി 107 പ്രതികളെ താമസിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ സെല്ലുകളുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് ജയില്‍ അധികൃതര്‍ 70ല്‍ താഴെ തടവുകാരായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ജയിലിന്റെ ഔദ്യോഗിക രജിസ്റ്റര്‍ പ്രകാരം കഴിഞ്ഞയാഴ്ച 65 തടവുകാരാണ് ജയിലില്‍ ഉണ്ടായിരുന്നത്.കഴിഞ്ഞമാസം ഇവിടെ 100 തടവുകാര്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരെയും മറ്റു ജില്ലകളിലെ വനിതാ ജയിലിലേക്ക് മാറ്റി. തടവുകാരുടെ എണ്ണം കൂടിയാല്‍ അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിക്കാനാവില്ലെന്ന നിലപാടിലാണ് ജയില്‍ അധികൃതര്‍.
1849-ല്‍ പഴയ തിരുവിതാംകൂര്‍ രാജ്യം തൊഴുത്തിനുവേണ്ടി നിര്‍മിച്ച പുരാതന കെട്ടിടത്തിലാണ് സെല്ലുകള്‍ സ്ഥിതി ചെയ്യുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തെ പൈതൃകപ്പട്ടികയിലാണ് ഉല്‍പ്പെടുത്തിയിരിക്കുന്നത്. അത് എളുപ്പത്തില്‍ പുതുക്കിപ്പണിയാന്‍ കഴിയില്ല. അതിന്റെ ഘടനയും നിര്‍മ്മാണവും മാറ്റാതെ തന്നെ നവീകരിക്കണം.
ഇത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേസമയം അട്ടക്കുളങ്ങരയിലെ പുതിയ കെട്ടിടത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ടെയിലറിംഗ് യൂണിറ്റും അഞ്ച് സെല്ലുകളും സ്ഥിതിചെയ്യുന്നത്. കൂടാതെ ഒരു സെല്ലില്‍ മൂന്ന് വീതം 15 അന്തേവാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍, മറ്റ് 19 സെല്ലുകള്‍ക്ക് ഉടനടി നവീകരണം ആവശ്യമാണ്.
തല്‍ക്കാലം, അന്തേവാസികളെ നിലനിര്‍ത്താന്‍ ചില അറ്റകുറ്റപ്പണികള്‍ തങ്ങള്‍ നടത്തിയതായി ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. തടവുകാരുടെ എണ്ണം 65 അല്ലെങ്കില്‍ 70 കടന്നാല്‍, സ്ഥലം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവര്‍ പറയുന്നു.ദുര്‍ബലമായ സെല്ലുകള്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
ജയില്‍ ചാടാനുള്ള സാധ്യത കൂടുതലായതിനാല്‍ ശാരീരികമായി ശക്തരായ തടവുകാരെ സെല്ലുകളില്‍ പാര്‍പ്പിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. '2019-ലെ ജയില്‍ ചാട്ടത്തിന് ശേഷം ചുറ്റുമതിലിന്റെ ഉയരം കൂട്ടി. അന്തേവാസികളെല്ലാം സ്ത്രീകളായതിനാല്‍ ഇതുവരെ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല.