/kalakaumudi/media/post_banners/4623081929a175f0883a36cbc833cad13b05b4f335ab72145aa2e972d93c1bc4.jpg)
ന്യൂഡല്‍ഹി: രാജ്യം കാത്തിരിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച നടക്കാനിരിക്കെ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒഴികെ മറ്റാര്‍ക്കും 22 ന് ക്ഷേത്രത്തിലേക്ക് പ്രവേശനമില്ലെങ്കിലും ഇതിനകം ആയിരക്കണക്കിന് രാമഭക്തര്‍ അയോദ്ധ്യ നഗരിയിലെത്തിയിട്ടുണ്ട്.
ശ്രീരാമന്റെ ചിത്രമുള്ള പതാകകൾ നിറഞ്ഞ അയോദ്ധ്യ നഗരം മുഴുവന്‍ ജയ്ശ്രീറാം വിളികള്‍ കൊണ്ടും രാമഭജനകള്‍ കൊണ്ടും മുഖരിതമാണ്.കൊട്ടും പാട്ടും മേളവുമായി ചെറുസംഘങ്ങൾ രാം പഥിലൂടെ നീങ്ങുന്നതും കാണാം.പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി.
എൽ.കെ അദ്വാനി ഉൾപ്പെടുള്ള മുതിർന്ന ബിജെപി നേതാക്കളും മറ്റ് രാഷ്ട്രീയ പാർട്ടീ നേതാക്കളും സിനിമ-ടെലിവിഷൻ, സ്പോർട്സ്, വ്യവസായ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര് ആണ് അതിഥികളെ ക്ഷണിച്ചിരിക്കുന്നത്.
അതിഥികളെ സ്വീകരിക്കാൻ അയോധ്യയിൽ മത്സരമാണ്. റോഡരികിൽ പലയിടത്തായി സൗജന്യഭക്ഷണവും ചായയും മധുരപലഹാരങ്ങളും നൽകുന്നുണ്ട്. നിശ്ചിതദൂരത്ത് പോലീസ് എയ്ഡ്പോസ്റ്റുകളും മെഡിക്കൽ സെന്ററുകളും തയ്യാറാണ്.
നഗരവികസനത്തിന്റെ ഭാഗമായി ഒരേരൂപത്തിലും നിറത്തിലും നവീകരിച്ച കടകളിലെല്ലാം വൻ തിരക്കാണ്. റോഡ് വികസനത്തിനായി കടകളുടെ മുൻഭാഗം പൊളിച്ചെങ്കിലും കച്ചവടം കൂടിയതിന്റെ സന്തോഷത്തിലാണ് വ്യാപാരികളിൽ ഭൂരിഭാഗം പേരും.
നാലുവർഷംമുമ്പ് പ്രതിദിനം നാലായിരത്തോളംപേർ മാത്രം പുറമേനിന്ന് എത്തിയിരുന്ന അയോധ്യയിൽ ഇപ്പോൾ അരലക്ഷംപേരെത്തുന്നു. പ്രതിഷ്ഠ കഴിയുന്നതോടെ ഇത് ഒന്നോ രണ്ടോ ലക്ഷമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
400 കിലോയുടെ താഴും
1,265 കിലോ ലഡു പ്രസാദവും
ആറ് മാസം കൊണ്ട് നിര്‍മ്മിച്ച 400 കിലോ ഭാരമുള്ള താഴും താക്കോലും അലിഗഡില്‍ നിന്നും അയോദ്ധ്യയിലെത്തി. കാശ്മീര്‍, തമിഴ്‌നാട്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച നിരവധി സമ്മാനങ്ങള്‍ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ അദ്ധ്യക്ഷന്‍ അലോക് കുമാര്‍ ഇന്നലെ ശ്രീരാമ ക്ഷേത്രത്തിലെ യജമാനന്‍ അനില്‍ മിശ്രയ്ക്ക് കൈമാറി. ഹൈദരബാദില്‍ നിന്നും 1,265 കിലോ ഭാരമുള്ള ലഡ്ഡു പ്രസാദം അയോദ്ധ്യയിലെ കര്‍സേവകപുരത്ത് എത്തി. അത് പോലെ 1,65,000 രൂപയുടെ രാമായണം അയോദ്ധ്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 45 കിലോയാണ് ഇതിന്റെ ഭാരം.
54 രാജ്യങ്ങളില്‍ നിന്ന്
100 പ്രതിനിധികള്‍
യു.എസ്, ബ്രിട്ടന്‍, ആസ്‌ട്രേലിയ, മൗറീഷ്യസ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെ 54 രാജ്യങ്ങളില്‍ നിന്നായി 100 പ്രതിനിധികള്‍ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചതായി ക്ഷേത്രട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500 ലേറെ അതിഥികളും ചടങ്ങില്‍ പങ്കെടുക്കും.
ദക്ഷിണ കൊറിയയിയിലെ ക്വീന്‍ ഹിയോ രാജവംശത്തില്‍ നിന്നുള്ള കിം ചില്‍ സു ചടങ്ങില്‍ പങ്കെടുക്കും.
അയോദ്ധ്യയിലെ രാജകുമാരിയായിരുന്നു സൂരിരത്‌ന എന്നറിയപ്പെടുന്ന ഹിയോ രാജ്ഞി. ഇവരുടെ പിന്‍മുറക്കാറിയാണ് കിം ചില്‍ സു. മുകേഷ് അംബാനി, കുമാര്‍ മംഗലം ബിര്‍ള, ആനന്ദ് മഹീന്ദ്ര, അജയ് പിരാമല്‍, എന്‍.ആര്‍. നാരായണമൂര്‍ത്തി, അമിതാഭ് ബച്ചന്‍, അജയ് ദേവ്ഗണ്‍, അല്ലു അര്‍ജുന്‍, ചിരഞ്ജീവി, അനുപം ഖേര്‍, അംജദ് അലി, അമിതാബ് കാന്ത്, മീരാകുമാര്‍, മുതിര്‍ന്ന അഭിഭാഷകരായകെ. കെ. വേണുഗോപാല്‍, മുകുള്‍ റോത്തഗി തുടങ്ങിയ ഒട്ടേറെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
എന്‍.ഡി.ആര്‍.എഫും
മെഡിക്കല്‍ സംഘവും
ന്യൂക്ലിയര്‍ ആക്രമണമടക്കം നേരിടാന്‍ പരിശീലനം ലഭിച്ച എന്‍.ഡി.ആര്‍.എഫിന്റെ ഒന്നിലധികം ടീമുകളെ അയോദ്ധ്യയില്‍ വിന്യസിച്ചിട്ടുണ്ട്.അയോദ്ധ്യയിലെ എല്ലാ ആശുപത്രികളിലും എയിംസില്‍ നിന്ന് ഉള്‍പ്പെടെയുള്ള ആവശ്യമായ മെഡിക്കല്‍ സംഘം സജ്ജരാണ്.