നാലാമതും ബംഗ്ലദേശ് പ്രധാനമന്ത്രിയാകാന്‍ ഷെയ്ക് ഹസീന; തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ ഇന്ത്യയും

നാലാമതും ബംഗ്ലദേശ് പ്രധാനമന്ത്രിയാകാന്‍ ഷെയ്ക് ഹസീന.

author-image
anu
New Update
നാലാമതും ബംഗ്ലദേശ് പ്രധാനമന്ത്രിയാകാന്‍ ഷെയ്ക് ഹസീന; തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ ഇന്ത്യയും

ന്യൂഡല്‍ഹി: നാലാമതും ബംഗ്ലദേശ് പ്രധാനമന്ത്രിയാകാന്‍ ഷെയ്ക് ഹസീന. ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെയാണ് ഭരണത്തില്‍ തുടരാന്‍ ഷെയ്ക് ഹസീനയ്ക്ക് വഴി തെളിഞ്ഞത്. ഇന്ത്യയും ചൈനയും തിരഞ്ഞെടുപ്പിന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് വിശ്വാസ്യത പോരെന്ന നിലപാടിലാണ് പാശ്ചാത്യ രാജ്യങ്ങള്‍. കാവല്‍ സര്‍ക്കാരിന്റെ ചുമതലയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് പ്രധാന പ്രതിപക്ഷമായ ബിഎന്‍പി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

അവാമി ലീഗ് സഖ്യം നേതാവായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാലാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ഹസീന രാജിവച്ച് കാവല്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. ഖാലിദ വീട്ടുതടങ്കലിലാണ്.

പാര്‍ലമെന്റിലെ 300 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടായിരത്തോളം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 12 കോടി വോട്ടര്‍മാരില്‍ പകുതിയിലേറെ വനിതകളാണ്. മത്സരിക്കുന്ന 436 സ്വതന്ത്രരില്‍ ഭൂരിപക്ഷവും അവാമി ലീഗിന്റെ ഡമ്മി സ്ഥാനാര്‍ഥികളാണെന്ന് ബിഎന്‍പി ആരോപിച്ചു. വോട്ടെടുപ്പ് വിലയിരുത്താന്‍ 127 വിദേശ നിരീക്ഷകര്‍ രാജ്യത്ത് എത്തിയിട്ടുണ്ട്. ബംഗ്ലദേശ് തിരഞ്ഞെടുപ്പ് ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ബംഗ്ലദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും സാരമായി ബാധിക്കുന്നതിനാലാണിത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക അക്രമങ്ങള്‍ നടക്കുന്നത്. ബെനാപോള്‍ എക്‌സ്പ്രസ് ട്രെയിനിന് തീവച്ച സംഭവത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 2 കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ ബിഎന്‍പി ധാക്ക ജോയിന്റ് കണ്‍വീനര്‍ നബിയുല്ല നബി അടക്കം 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റഗോങ്ങില്‍ പോളിങ് ബൂത്തായി നിശ്ചയിച്ച 2 സ്‌കൂളുകള്‍ക്കും അക്രമികള്‍ തീയിട്ടു.

national news Latest News