/kalakaumudi/media/post_banners/36017f4a7b53b57acd1eff61c265f3da7a68dddb3d478884d69c1947b276c23b.jpg)
തിരുവനന്തപുരം: ബീമാപള്ളി ദര്‍ഗ ഷെരീഫിലെ ഉറൂസിന് ഡിസംബര്‍ 15ന് കൊടിയേറും. 25ഓടെ ഉത്സവം സമാപിക്കും. ഉറൂസിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളില്‍ യോഗം ചേര്‍ന്നിരുന്നു.
ജനപ്രതിനിധികളും ബീമാപള്ളി ജമാഅത്ത് കൗണ്‍സില്‍ ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ മാസം അവസാനത്തോടെ ഉത്സവമേഖലയിലേക്കുള്ള പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു.
റീടാറിംഗ് ആവശ്യമുള്ള സ്ഥലങ്ങളില്‍ അടിയന്തരമായി ചെയ്യണം. മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി ചുമതലാ ബോധത്തോടെ വകുപ്പുകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഡിസംബര്‍ 10 നുള്ളില്‍ തെരുവ് വിളക്കുകള്‍ തെളിയിക്കാനും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും കെ.എസ്.ഇ.ബിയേയും തിരുവനന്തപുരം കോര്‍പ്പറേഷനേയും മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും വേണ്ടി തിരുവനന്തപുരം സിറ്റി പൊലീസ് പട്രോളിംഗ്, എയ്ഡ് പോസ്റ്റ്, സിസിടിവി ക്യാമറ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കും.
ഉത്സവമേഖലയില്‍ ലഹരിവിരുദ്ധ ക്യാമ്പയിനുകളും എക്സൈസ് പ്രത്യേക സ്‌ക്വാഡിന്റെ നിരീക്ഷണവും പരിശോധനയും ഉണ്ടാകും. കൂടാതെ, മുന്‍ വര്‍ഷത്തെ പോലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസുകളുമുണ്ടാവും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പും പ്രാഥമിക ശുശ്രൂഷാ കേന്ദ്രവും പ്രവര്‍ത്തിക്കും. ആംബുലന്‍സ് സൗകര്യവുമുണ്ടാകും.
അഗ്‌നിസുരക്ഷാസേനയുടെ അഞ്ച് പേരടങ്ങുന്ന യൂണിറ്റ് പ്രവര്‍ത്തിക്കും. ഉത്സവമേഖലയിലേയും അനുബന്ധ പ്രദേശങ്ങളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കും.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തീര്‍ത്ഥാടകര്‍ക്കായി ബയോ ടോയ്ലെറ്റ് യൂണിറ്റ്, മെഡിക്കല്‍ ടീം, ആംബുലന്‍സ് സൗകര്യം എന്നിവയുമൊരുക്കും. തീര്‍ത്ഥാടകരുടെ അവശ്യസൗകര്യങ്ങള്‍ക്കായി ബീമാപള്ളി അമിനിറ്റി സെന്റര്‍ തുറക്കും.
ബീമാപള്ളി അമിനിറ്റി സെന്ററിന്റ ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ നവകേരളസദസ്സ് സമാപനത്തിന് ശേഷം നടത്താനും യോഗത്തില്‍ തീരുമാനമായി. അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഡിസംബര്‍ അഞ്ചിന് ബീമാപള്ളിയില്‍ അവലോകനയോഗം ചേരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
