/kalakaumudi/media/post_banners/d32b35d8cc7564534a6edbc130292ab601ae518429a02350c83822c3d9a96670.jpg)
കൊല്‍ക്കത്ത: റേഷന്‍ വിതരണ അഴിമതിക്കേസില്‍ പൊലീസ് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് തേടി ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. മുഖ്യപ്രതി ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തതിലും വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.
സംസ്ഥാന പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് നിരന്തരമായ വീഴ്ചയുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശനമായ നിലപാടിലേക്കു ഗവര്‍ണര്‍ നീങ്ങുന്നത്. ഷാജഹാന്‍ ഷെയ്ഖ് രാജ്യംവിട്ടുപോയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ആരാണെന്നു കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായും തുടര്‍നടപടികള്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഷാജഹാന്‍ ഷെയ്ഖിന് പൊലീസുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അറസ്റ്റ് ആവശ്യപ്പെട്ട് അസാധാരണ പ്രസ്താവന ഇറക്കിയത്. ഗവര്‍ണര്‍ സി.വി.ആനന്ദബോസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം. ഷാജഹാന്‍ ഷെയ്ഖ് ബംഗ്ലദേശിലേക്ക് കടന്നതായും ഇയാള്‍ക്ക് ഭീകരബന്ധമുണ്ടെന്നു പരാതി ലഭിച്ചെന്നും രാജ്ഭവന്‍ വ്യക്തമാക്കി. അതേസമയം, ഗവര്‍ണര്‍ സമാന്തരഭരണം നടത്തേണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.