ബെംഗളൂരു കഫേ സ്‌ഫോടനം; ഒരാള്‍ കസ്റ്റഡിയില്‍

ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.

author-image
anu
New Update
ബെംഗളൂരു കഫേ സ്‌ഫോടനം; ഒരാള്‍ കസ്റ്റഡിയില്‍

 

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. ബല്ലാരി സ്വദേശി ഷാബിറിനെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബല്ലാരി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

സ്‌ഫോടനത്തിനു പിന്നാലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതി എവിടേക്കാണ് യാത്ര ചെയ്തത് എന്നതു സംബന്ധിച്ച വിവരം ശേഖരിക്കാന്‍ കഴിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി. നഗരത്തിലെ വിവിധ ബസുകളില്‍ മാറിക്കയറിയ ഇയാള്‍ തുമക്കുരുവിലേക്കു പോവുകയും ഇവിടെവച്ച് വസ്ത്രം മാറി ഒരു ആരാധനാലയത്തിലേക്ക് കയറുകയും ചെയ്തു. അതിനു ശേഷം ബല്ലാരിയിലേക്ക് പോയതായും അന്വേഷണസംഘം കണ്ടെത്തി.

കഴിഞ്ഞ കുറച്ചു ദിവസമായി ബല്ലാരി കേന്ദ്രീകരിച്ചാണ് എന്‍ഐഎ അന്വേഷണം നടത്തിയത്. ശിവമൊഗ്ഗ, ബല്ലാരി ഐഎസ് മൊഡ്യൂളുകളില്‍ പ്രവര്‍ത്തിച്ച നിരവധിപ്പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിവിധ ജയിലുകളില്‍ കഴിഞ്ഞുവരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. ബല്ലാരിയില്‍നിന്ന് നേരത്തെ അറസ്റ്റിലായ വസ്ത്ര വ്യാപാരിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷബീറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂ.

മാര്‍ച്ച് 1ന് ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ ഉച്ചയോടെയായിരുന്നു സ്‌ഫോടനം നടന്നത്.

one man under custody NIA bengaluru cafe blast