
ബെംഗളൂരു: 2022ല്‍ രാജ്യത്ത് ഏറ്റവുമധികം സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണങ്ങള്‍ ഉണ്ടായത് ബെംഗളൂരുവില്‍. സിറ്റി പോലീസ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ട് പ്രകാരം 19 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണങ്ങളില്‍ ഒന്നാമത് ബെംഗളൂരുവാണ്. കഴിഞ്ഞ വര്‍ഷം മാത്രം ബെംഗളൂരുവില്‍ ആസിഡ് ആക്രമണത്തിന് ഇരയായത് എട്ട് സ്ത്രീകളാണ്.പട്ടികയില്‍ ഡല്‍ഹി, അഹമ്മദാബാദ് യഥാക്രമം 7, 5 കേസുകളുമായി രണ്ടും മൂന്നും സ്ഥാനത്താണ്.
എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണ ശ്രമങ്ങള്‍ നടന്നത് ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലാണ്. 7 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം അത്തരം 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ 2022-ല്‍ ഇത്തരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ആസിഡ് ആക്രമണക്കേസുകളിലൊന്നാണ് ഏപ്രില്‍ 28 ന് ജോലിക്ക് പോകുന്നതിനിടെ 24 കാരിയായ എം.കോം ബിരുദധാരിയ്ക്ക് നേരെയുണ്ടായത്. പ്രതി വര്‍ഷങ്ങളായി യുവതിയെ പിന്തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതിനു പ്രതികാരമായാണ് ആസിഡ് ആക്രമണം നടത്തിയത്. തുടര്‍ന്ന് മെയ് മാസത്തില്‍ തിരുവണ്ണാമലൈ ആശ്രമത്തില്‍ നിന്ന് 'സ്വാമി' വേഷത്തില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
2023 ജൂണില്‍, ഇരയ്ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സെക്രട്ടറിയേറ്റിലെ ഓഫീസ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കി. സമാനമായ മറ്റൊരു കേസ് 2022 ജൂണ്‍ 10 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതി തന്റെ വനിതാ സുഹൃത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.