16-ന് ഭാരത് ബന്ദ്; ഹൈവേകൾ നാല് മണിക്കൂർ അടച്ചിടും, കടകൾ തുറക്കില്ല, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

16-ന് രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാണ് ബന്ദ്.തൊഴിലുറപ്പ് പണിക്കാർ, കർഷക തൊഴിലാളികൾ, വിവിധ ഗ്രാമീണ തൊഴിലാളികൾ എന്നിവർ അന്ന് ജോലിയിൽ നിന്ന് മാറി നിൽക്കണം എന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

author-image
Greeshma Rakesh
New Update
16-ന് ഭാരത് ബന്ദ്; ഹൈവേകൾ നാല് മണിക്കൂർ അടച്ചിടും, കടകൾ തുറക്കില്ല, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക തൊഴിലാളി സംഘടനകൾ.കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമം നടപ്പാക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ബന്ദ്. വെള്ളിയാഴ്ച ബന്ദ് ആചരിക്കുമെന്ന് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി.

സംയുക്ത കിസാൻ മോർച്ച അടക്കമുള്ള നിരവധി സംഘടനകൾ ബന്ദിൻറെ ഭാഗമാകും.16-ന് രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാണ് ബന്ദ്. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങൾ അടച്ചിടണമെന്ന് രാകേഷ് ടികായത്ത് അറിയിച്ചു.

 

രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച നാഷണൽ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ.ദർശൻപാൽ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ഉച്ചക്ക് 12 മുതൽ 4 വരെ കർഷകർ പ്രകടനങ്ങൾ നടത്തും. തൊഴിലുറപ്പ് പണിക്കാർ, കർഷക തൊഴിലാളികൾ, വിവിധ ഗ്രാമീണ തൊഴിലാളികൾ എന്നിവർ അന്ന് ജോലിയിൽ നിന്ന് മാറി നിൽക്കണം എന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

 

അതെസമയം ആംബുലൻസുകൾ, മരണം, വിവാഹം, മെഡിക്കൽ ഷോപ്പ്, പാൽ, പത്രം, പരീക്ഷ, വിമാനത്താവള യാത്രക്കാർ എന്നിവരെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പച്ചക്കറി, മറ്റ് വിളകൾ എന്നിവയുടെ വിതരണം വാങ്ങൽ എന്നിവ നിർത്തി വെക്കും. വിവിധ ചന്തകൾ, സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങൾ,ഗ്രാമീണ വ്യവസ്ഥയ മേഖലയിലെ സ്ഥാനങ്ങൾ എന്നിവ അടച്ചിടാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.

 

കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളും ട്രാൻസ്പോർട്ട് വർക്കർമാരും പണിമുടക്ക് നടത്തി സമരത്തിന് പിന്തുണ നൽകണമെന്ന് രാകേഷ് ടികായത് ആവശ്യപ്പെട്ടിരുന്നു. തൊഴിലില്ലായ്മ, അഗ്നിവീർ പദ്ധതി, പെൻഷൻ എന്നീ വിഷയങ്ങളും ബന്ദിന്‍റെ പ്രധാന കാരണങ്ങളാണ്. റോഡപകടങ്ങളിൽ പെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ കർശന നിയമ നടപടികൾ അനുശാസിക്കുന്ന പുതിയ നിയത്തിനെതിരെ പ്രതിഷേധിച്ച ട്രാൻസ്‌പോർട്ടേഴ്‌സ് യൂണിയന്‍റെ പിന്തുണ ബന്ദിനുണ്ടാകുമെന്നും ടികായത് വ്യക്തമാക്കി.

india kerala bharat bandh 2024 farmers protest