ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫ്‌ലാഗ് ഓഫ് വൈകും; നേതാക്കള്‍ മണിപ്പൂരിലേക്ക്് തിരിച്ചു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ആരംഭിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫ്‌ലാഗ് ഓഫ് വൈകും. മണിപ്പൂരിലേക്ക് നേതാക്കള്‍ പോകേണ്ടിയിരുന്ന വിമാനം വൈകിയ സാഹചര്യത്തിലാണ് യാത്രയുടെ ഫ്‌ലാഗ് ഓഫ് വൈകുന്നത്.

author-image
anu
New Update
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫ്‌ലാഗ് ഓഫ് വൈകും; നേതാക്കള്‍ മണിപ്പൂരിലേക്ക്് തിരിച്ചു

ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ആരംഭിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫ്‌ലാഗ് ഓഫ് വൈകും. മണിപ്പൂരിലേക്ക് നേതാക്കള്‍ പോകേണ്ടിയിരുന്ന വിമാനം വൈകിയ സാഹചര്യത്തിലാണ് യാത്രയുടെ ഫ്‌ലാഗ് ഓഫ് വൈകുന്നത്. മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേക ഇന്‍ഡിഗോ വിമാനത്തില്‍ മണിപ്പുരിലേക്ക് തിരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കായിരുന്നു തൗബാലില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്നത്.

ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ തൗബാലില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും തുടര്‍ന്ന് യാത്രയിലും രാഹുലിനൊപ്പം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ.രേവന്ത് റെഡ്ഡി, സുഖ്വിന്ദര്‍സിങ് സുഖു, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവരടക്കം കോണ്‍ഗ്രസിന്റെ നേതൃനിര ഒന്നടങ്കം അണിനിരക്കും. സുരക്ഷാകാരണങ്ങളാല്‍ സോണിയ ഗാന്ധി പങ്കെടുക്കില്ല. തൃണമൂല്‍, ഇടതുകക്ഷികള്‍, ജെഡിയു എന്നിവയുടെ മണിപ്പുരിലെ നേതാക്കള്‍ ആശംസയേകും.

യാത്ര തിങ്കളാഴ്ച നാഗാലാന്‍ഡില്‍ പ്രവേശിക്കും. 66 ദിവസംക്കൊണ്ട് 15 സംസ്ഥാനങ്ങളിലൂടെ 6713 കിലോമീറ്റര്‍ നീളുന്ന യാത്ര മുംബൈയില്‍ സമാപിക്കും. 2022 -23 ല്‍ കന്യാകുമാരിയില്‍നിന്നു കശ്മീരിലേക്കു നടത്തിയ പദയാത്രയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്ക് രാഹുല്‍ സഞ്ചരിക്കുന്നത്.

മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ 15 സംസ്ഥാനങ്ങളിലിലെ 110 ജില്ലകളിലൂടെ യാത്ര കടന്നുപോകും. ഏറ്റവുമധികം ദിവസം ചെലവിടുന്നത് യുപിയിലാണ്. 11 ദിവസം നീളുന്നതാണ് സംസ്ഥാനത്തിലൂടെയുള്ള യാത്ര.

national news Latest News