നെഹ്‌റുവിനെ മാല അണിയിച്ചു, പിന്നാലെ ഊരുവിലക്ക്; ആരാണ് 'നെഹ്‌റുവിന്റെ വധു'വായ ബുധിനി?

ബുധിനി... സാറാ ജോസഫിന്റെ പ്രശസ്തമായ നോവല്‍. നോവലിലൂടെ സാറാ ജോസഫ് സമ്മാനിച്ച ബുധിനി എന്ന നായിക ഒരു സാങ്കല്പിക കഥാപാത്രമായിരുന്നില്ല.

author-image
Web Desk
New Update
നെഹ്‌റുവിനെ മാല അണിയിച്ചു, പിന്നാലെ ഊരുവിലക്ക്; ആരാണ് 'നെഹ്‌റുവിന്റെ വധു'വായ ബുധിനി?

ന്യൂഡല്‍ഹി: ബുധിനി... സാറാ ജോസഫിന്റെ പ്രശസ്തമായ നോവല്‍. നോവലിലൂടെ സാറാ ജോസഫ് സമ്മാനിച്ച ബുധിനി എന്ന നായിക ഒരു സാങ്കല്പിക കഥാപാത്രമായിരുന്നില്ല.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ മാല അണിയിച്ചതിന്റെ പേരില്‍ ഊരില്‍ നിന്ന് പുറത്താക്കപ്പെട്ട പെണ്‍കുട്ടിയായിരുന്നു ബുധിനി. കഴിഞ്ഞ ദിവസമാണ് ബുധിനി മെജാന്‍ ലോകത്തോട് വിടപറഞ്ഞത്. ഇവരുടെ വേര്‍പാടിന് ശേഷമാണ് 'നെഹ്‌റുവിന്റെ വധു' എന്നറിയപ്പെട്ട ബുധിനി വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്.

1959 ഡിസംബര്‍ ആറ്... നിലവില്‍ ജാര്‍ഖണ്ഡിന്റെ ഭാഗമായ പാഞ്ചേത്ത് അണക്കെട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന ദിവസം. അന്ന് അവിടുത്തെ നിര്‍മ്മാണത്തൊഴിലാളിയായിരുന്നു 15 -കാരിയായ ബുധിനി. അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. നെഹ്‌റുവിനെ സ്വീകരിക്കാന്‍ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അന്ന് ബുധിനിയും ഉണ്ടായിരുന്നു. ദാമോദര്‍വാലി കോര്‍പറേഷന്‍ അധികൃതരാണ് നെഹ്‌റുവിന് പൂമാല നല്‍കി സ്വീകരിക്കാന്‍ ബുധിനിയെ ചുമതലപ്പെടുത്തിയത്.

ഉദ്ഘാടനത്തിനായി നെഹ്‌റുവെത്തി. തന്നെ ചുമതലപ്പെടുത്തിയത് പോലെ തന്നെ ബുധിനി നെഹ്‌റുവിനെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, വളരെ സ്‌നേഹത്തോടെ ആ മാല നെഹ്‌റു തിരികെ ബുധിനിക്ക് തന്നെ ഇട്ടുകൊടുത്തു. ഒപ്പം ആ അണക്കെട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ഗോത്രജനതയുടെ പ്രതിനിധിയായി ബുധിനിയെക്കണ്ട നെഹ്‌റു അവളെ കൂടി ഉള്‍പ്പെടുത്തിയാണ് അണക്കെട്ടിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

എന്നാല്‍, ചടങ്ങ് കഴിഞ്ഞതോടെ ബുധിനിയുടെ ജീവിതവും പുതിയൊരു തലത്തിലേക്ക് വഴിമാറി. സന്താള്‍ വിഭാഗക്കാരിയായിരുന്നു ബുധിനി. തിരികെ ഊരിലെത്തിയ എത്തിയ ബുധിനിയെ സ്വീകരിക്കാന്‍ അവളുടെ ഗോത്രം തയ്യാറായില്ല. കാരണം, ആചാരമനുസരിച്ച് പുരുഷന്‍ ഹാരമണിയിച്ചാല്‍ അത് മംഗല്യഹാരമാണ്. ഗോത്രത്തിന് പുറത്തുള്ള ഒരാള്‍ മാല അണിയിച്ചത് ഗോത്രാചാര ലംഘനമാണെന്ന് വിലയിരുത്തി സന്താള്‍ ഗോത്രം ബുധിനിയെ ഊരുവിലക്കി. നെഹ്‌റുവിന്റെ വധു എന്നു പറഞ്ഞു കൊണ്ട് അവള്‍ തന്റെ ഗോത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ടു.

പാഞ്ചേത്തില്‍ താമസിക്കുകയായിരുന്ന സുധീര്‍ ദത്ത എന്ന ബംഗാളി യുവാവ് പിന്നീട് ആ പതിനഞ്ചു വയസുകാരിക്ക് രക്ഷകനായി. അങ്ങനെ അവര്‍ ഒരുമിച്ച് ജീവിതം ആരംഭിച്ചു. അവര്‍ക്ക് രത്‌നാദത്ത എന്ന മകളും പിറന്നു. പിന്നീട്, സുധീര്‍ ദത്ത മരിച്ചപ്പോഴും ബുധിനി പാഞ്ചേത്തില്‍ തന്നെ താമസം തുടര്‍ന്നു. അന്നത്തെ അസന്‍സോള്‍ എംപിയായിരുന്ന ആനന്ദഗോപാല്‍ മുഖോപാധ്യയില്‍ നിന്ന് ബുധിനിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ രാജീവ് ഗാന്ധി ബുധിനിക്ക് പിന്നീട് ദാമോദര്‍വാലി കോര്‍പറേഷനില്‍ ജോലി സ്ഥിരപ്പെടുത്തി നല്‍കി.

ബുധിനിയുടെ ജീവിതകഥ പശ്ചാത്തലമാക്കിയാണ് സാറാ ജോസഫ് ബുധിനി എന്ന നോവല്‍ രചിച്ചത്. നോവല്‍ രചനയുടെ ഭാഗമായി സാറാ ജോസഫ് ബുധിനിയെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

national news Latest News