/kalakaumudi/media/post_banners/c1b9be8e50273d7b71daa77c412a2df61c40b86f4fd65ecf288c5120d50560c0.jpg)
ബെയ്ജിങ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഏഷ്യ പസിഫിക് സാമ്പത്തിക സഹകരണ (എപിഇസി) ഉച്ചകോടിയിലാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ വന്‍സംഘവുമായി യുഎസിലേക്കു പോയ ഷി, യുഎസ്- ചൈന പ്രത്യേക ഉച്ചകോടിയിലും പങ്കെടുക്കും.
തയ്വാന്‍ വിഷയത്തില്‍ ചൈന-യുഎസ് ബന്ധം മോശമായ സാഹചര്യത്തില്‍, ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുന്ന ഒന്നാണ്. ഹമാസ്- ഇസ്രയേല്‍ യുദ്ധവും റഷ്യ-യുക്രെയ്ന്‍ യുദ്ധവും ലോകസമാധാനത്തിനു ഭീഷണിയാകുന്ന മറ്റു വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ഇന്തൊനീഷ്യയിലെ ബാലിയില്‍ വച്ചാണ് ഇരുനേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൈനയുടെ വിദേശകാര്യ സെക്രട്ടറി വാങ് യിയുമായി വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമാണ് ഇരു പ്രസിഡന്റുമാരുടെയും കൂടിക്കാഴ്ച. യുഎസുമായി നല്ല ബന്ധമാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ യിങ് പറഞ്ഞു. ചൈനയുടെ താല്‍പര്യം സംരക്ഷിച്ച് ആരോഗ്യകരമായ മത്സരത്തിന് തയാറാണെങ്കിലും ശീതസമരത്തിനു താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.