ബിഹാറിലെ 34 ശതമാനം കുടുംബങ്ങളുടെയും പ്രതിമാസ വരുമാനം 6000 രൂപയില്‍ താഴെ; സര്‍വെ റിപ്പോര്‍ട്ട് പുറത്ത്

ബിഹാറിലെ 34 ശതമാനം കുടുംബങ്ങളുടെയും പ്രതിമാസ വരുമാനം 6000 രൂപയില്‍ താഴെയെന്ന് സര്‍വെ റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാനത്തെ പിന്നാക്ക സമുദായത്തിലെ 42 ശതമാനം ആളുകളും ദാരിദ്രത്തിലാണെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

author-image
Web Desk
New Update
ബിഹാറിലെ 34 ശതമാനം കുടുംബങ്ങളുടെയും പ്രതിമാസ വരുമാനം 6000 രൂപയില്‍ താഴെ; സര്‍വെ റിപ്പോര്‍ട്ട് പുറത്ത്

പട്‌ന: ബിഹാറിലെ 34 ശതമാനം കുടുംബങ്ങളുടെയും പ്രതിമാസ വരുമാനം 6000 രൂപയില്‍ താഴെയെന്ന് സര്‍വെ റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാനത്തെ പിന്നാക്ക സമുദായത്തിലെ 42 ശതമാനം ആളുകളും ദാരിദ്രത്തിലാണെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഹാര്‍ സര്‍ക്കാരിന്റെ രണ്ടാം ഘട്ട ജാതി സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിലെ 5.76 ശതമാനം ആളുകള്‍ മാത്രമാണ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ 215 പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍, പിന്നാക്ക വിഭാഗത്തിലെ അതി ദരിദ്രര്‍ എന്നിവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്നതാണ് സര്‍വെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ കുടുംബങ്ങളില്‍ മൂന്നിലൊന്നും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും പ്രതിമാസ വരുമാനം 6,000 രൂപയോ അതില്‍ താഴെയോ ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പട്ടികജാതി വിഭാഗത്തിലുള്ള 42 ശതമാനത്തിലധികം കുടുംബങ്ങളും മുന്നാക്ക വിഭാഗത്തില്‍ നിന്നുള്ള 25 ശതമാനം പേരും ദരിദ്രരാണ്. കൂടാതെ ബിഹാറിലെ പട്ടികവര്‍ഗ കുടുംബങ്ങളില്‍ 42.70 ശതമാനവും ദരിദ്രരാണ്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 33.16 ശതമാനവും, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 33.58 ശതമാനം പേരും അതി ദരിദ്രരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഹാറിലെ ഏറ്റവും വലിയ ഭൂവുടമസ്ഥ ജാതി എന്ന് കരുതുന്ന ഭൂമിഹാറുകളിലും ദാരിദ്ര്യ അനുപാതം (27.58) ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ജാതി സര്‍വേ അനുസരിച്ച്, ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള 6 ലക്ഷത്തിലധികം ആളുകള്‍ സര്‍ക്കാര്‍ ജോലിയുള്ളവരാണ്. ഇത് മൊത്തം ജനസംഖ്യയുടെ 3.19 ശതമാനമാണ്. ഭൂമിഹാറുകളില്‍ 4.99 ശതമാനം പേര്‍ക്കും ബ്രാഹ്മണരില്‍ 3.60 ശതമാനം പേര്‍ക്കും സര്‍ക്കാര്‍ ജോലിയുള്ളതായി സര്‍വ്വേയില്‍ പറയുന്നു.

പിന്നാക്ക വിഭാഗത്തില്‍ 6,21,481 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. 1.55 ശതമാനം വരുന്ന യാദവ സമുദായത്തില്‍ നിന്നുള്ള 2,89,538 പേരും കുശ്വാഹ സമുദായത്തിലെ 2.04 ശതമാനം പേരും സര്‍ക്കാര്‍ ജീവനക്കാരാണ്. കുര്‍മികളില്‍ 3.11 ശതമാനവും വ്യാപാരികളില്‍ 1.96 ശതമാനവും സുര്‍ജപുരി മുസ്ലീങ്ങളില്‍ 0.63 ശതമാനവും ഭാന്ത് 4.21 ശതമാനവും മാലിക് മുസ്ലീങ്ങളില്‍ 1.39 ശതമാനവും സര്‍ക്കാര്‍ ജീവനക്കാരാണ്.

50 ലക്ഷത്തിലധികം ബിഹാറികള്‍ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നതായി സര്‍വെയില്‍ കണ്ടെത്തി. ഇതില്‍ 46 ലക്ഷത്തോളം പേര്‍ മറ്റ് സംസ്ഥാനങ്ങളിലും 2.17 ലക്ഷം പേര്‍ വിദേശത്തുമാണ് താമസിക്കുന്നത്. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ 5.52 ലക്ഷവും വിദേശത്ത് പഠിക്കുന്നവര്‍ 27,000 പേരുമാണ്.

 

Latest News bihar national news survey report