/kalakaumudi/media/post_banners/5500f8870a87000ea2aaa62bca5066267d604496d18a00d32a1bc278cedfd96e.jpg)
കോഴിക്കോട്: ഇന്‍ഡ്യ സഖ്യത്തില്‍ ഇടതുപക്ഷം നിര്‍ണായകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയെ താഴെയിറക്കി ഇന്‍ഡ്യ സഖ്യ സര്‍ക്കാര്‍ ഉണ്ടാവേണ്ടതുണ്ട്. അതില്‍ നിര്‍ണായകമാണ് ഇടതുപക്ഷം എന്നും ബിനോയ് വിശ്വം പറഞ്ഞു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സിപിഐ ചിന്തിക്കുന്നത് നാല് സീറ്റുകളെക്കുറിച്ച് മാത്രമല്ല. പകരം 20 സീറ്റുകളിലും ഇടതുപക്ഷം ജയിക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡ്യ സഖ്യം ഭരണത്തില്‍ എത്താന്‍ കേരളത്തിലെ 20 എംപിമാരും ഇടതുപക്ഷമാകണം. കോണ്‍ഗ്രസ് ആയാല്‍ ബിജെപി ഇറക്കുന്ന തന്ത്രങ്ങളില്‍ വീണുപോകും. ഇടതുപക്ഷം ഒരു തന്ത്രത്തിലും പണക്കൊഴുപ്പിലും വീഴില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു.
ബി.ജെ.പി. ഭരണം തുടര്‍ന്നാല്‍ ഇന്ത്യയുടെ മൂല്യങ്ങള്‍ തകരും, ജനാധിപത്യം മരിക്കും. പ്രതിപക്ഷം ഇല്ലാത്ത പാര്‍ലമെന്റാണ് ബി.ജെ.പി. ആഗ്രഹിക്കുന്നത്. ആയിരക്കണക്കിന് രൂപ വാരിയെറിഞ്ഞ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതപ്പോള്‍ ബി.ജെ.പി. പറഞ്ഞത് ഈച്ചപോലും അനുവാദമില്ലാതെ കടക്കില്ലെന്നായിരുന്നു. അവിടേക്കാണ് രണ്ടുപേര്‍ ഓടിക്കയറിയത്. പ്രയോഗിച്ചത് സ്‌ഫോടക വസ്തു ആയിരുന്നെങ്കിലോ? പുതിയ മന്ദിരം പഴയ മന്ദിരത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒന്നുമല്ല. പണമെറിഞ്ഞ് ഉണ്ടാക്കിയ കോട്ട മാത്രമാണ്. ഇത്ര ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായിട്ട് പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പ്രതികരിക്കണമെന്ന് പറഞ്ഞതിനാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തത്. അത് തെറ്റാണെങ്കില്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി പ്രധാനപ്പെട്ട യുദ്ധക്കളമായ നോര്‍ത്ത് ഇന്ത്യ വിട്ട് ഒരു ബി.ജെ.പിക്കാരന്‍ പോലും ജയിക്കാത്ത വയനാട്ടില്‍ മത്സരിക്കണോ എന്ന് കോണ്‍ഗ്രസ് ചിന്തിക്കണം. ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ചര്‍ച്ചചെയ്യാനുള്ള അവസരം കിട്ടിയാല്‍ ഈ കാര്യം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.