'ദേശീയ ഗാനത്തെ അവഹേളിച്ചു'; പാലോട് രവിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

വ്യാഴാഴ്ച പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന കെപിസിസി സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തിൽ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത് വലിയ വിവാദമായിരുന്നു

author-image
Greeshma Rakesh
New Update
'ദേശീയ ഗാനത്തെ അവഹേളിച്ചു'; പാലോട് രവിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് കാട്ടി തിരുവനന്തപുരം ഡിസിസി പ്രസിഡൻറും മുൻ എംഎൽഎയുമായ പാലോട് രവിക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി. ജില്ലാ വൈസ് പ്രസിഡൻറ് ആർ എസ് രാജീവാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വ്യാഴാഴ്ച പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന കെപിസിസി സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തിൽ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത് വലിയ വിവാദമായിരുന്നു. ടി. സിദ്ദിഖ് എംഎൽഎ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന് തടഞ്ഞത്.

‘ വളരെ പരിണിത പ്രജ്ഞനും എംഎൽഎയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ മൈക്ക് സ്റ്റാൻഡിൽ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാൻ ആരംഭിച്ചത്. ഇത് ബോധപൂർവമാണെന്ന് കാണുന്നവർക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ. ആയതിൽ ഈ വിഷയം അന്വേഷിച്ച് മേൽ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു’- ബിജെപി. ജില്ലാ വൈസ് പ്രസിഡൻറ് ആർ എസ് രാജീവ് പരാതിയിൽ പറയുന്നു.

സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി തന്നെ തെറ്റിപ്പോയി. അബദ്ധം മനസിലായ ഉടൻ തന്നെ ടി.സിദ്ദിഖ് എംഎൽഎ മൈക്ക് പിടിച്ചുവാങ്ങി.‘അവിടെ സിഡി ഇട്ടോളും’ എന്ന് പറഞ്ഞ് രവിയെ മൈക്കിന് മുന്നിൽനിന്നു മാറ്റി. ഒടുവിൽ വനിതാ നേതാവ് എത്തിയാണ് ദേശീയഗാനം പൂർ‌ത്തിയാക്കിയത്.

BJP congress palode ravi KPCC samaragni national anthem