/kalakaumudi/media/post_banners/58de5d9ea1236646d15055cce3915bdafb7ac24e0cd5efc40b2b679ea22081f0.jpg)
പത്തനംതിട്ട:സ്ഥാനാർഥിത്വം സംബന്ധിച്ച പി.സി. ജോർജിന്റെ എതിർപ്പ് വെറും മാധ്യമ സൃഷ്ടിയായിരുന്നെന്ന് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആൻറണി.തന്നെ സ്ഥാനാർഥിയാക്കിയത് പോലെ പി.സി. ജോർജിനും ബി.ജെ.പി ഉചിതമായ സ്ഥാനം നൽകുമെന്നും അനിൽ ആന്റണി പറഞ്ഞു.
ഇടതുപക്ഷ സർക്കാർ ഉള്ള കാലത്തോളം ശബരിമല വിഷയം ആരും മറക്കില്ലെന്നും തെരഞ്ഞെടുപ്പിൽ അത് ചർച്ചയാകുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.പത്തനംതിട്ട സീറ്റ് നിഷേധിച്ചതിലുളള അമർഷം പ്രകടിപ്പിച്ച പി.സി. ജോർജ്ജിനെ തിങ്കളാഴ്ച പാലായിലെ വീട്ടിലെത്തി അനിൽ ആൻ്റണി സന്ദർശിച്ചിരുന്നു. വീട്ടിലെത്തിയ അനിൽ ആൻറണിയെ മധുരം നൽകി സ്വീകരിച്ച ജോർജ്ജ് പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചു.
അതെസമയം അനിൽ ആൻറണിയെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കിയതിനെതിരെയുള്ള അമർഷം പരസ്യമായി പ്രകടിപ്പിച്ച പി.സി. ജോർജിന് താക്കീത് ചെയ്തുകൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ രെഗത്തുവന്നിരുന്നു. വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. മിതത്വം പാലിക്കണം. ഫേസ് ബുക്ക് വഴി എന്തെങ്കിലും വിളിച്ച് പറയുന്നവർ പാർട്ടിയിൽ കാണില്ല. പി.സി. ജോർജിനെതിരെ നടപടിയുണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ.
പി.സി. ജോർജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആൻറണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം വിജയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. എന്നാൽ, എല്ലാവരും മിതത്വം പാലിക്കണമെന്നായിരുന്നു പി.സി. ജോർജിന്റെ മറുപടി.
പി.സി. ജോർജിനെ സ്ഥാനാർഥിയാക്കാത്തതിൽ പത്തനംതിട്ട ബി.ജെ.പിയിൽ അമർഷം ശക്തമാണ്. അനിൽ ആൻറണിയെ സ്ഥാനാർഥിയാക്കിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കർഷക മോർച്ച നേതാവ് ശ്യാം തട്ടയിൽ രംഗത്തെത്തിയിരുന്നു.
മനസ് കൊണ്ട് പി.സി. ജോർജിൻറെ സ്ഥാനാർഥിത്വം അംഗീകരിച്ചിരുന്ന ജില്ലയിലെ ഒരുവിഭാഗം ബി.ജെ.പി നേതാക്കളും ബി.ജെ.പിയിൽ ലയിച്ച ജനപക്ഷത്തിൻറെ നിലപാടിന് പിന്തുണയുമായി രംഗത്തുണ്ട്. ബി.ജെ.പിയിൽ ലയിക്കുന്നതിനുമുമ്പ് എൻ.ഡി.എയിൽ ഘടകകക്ഷിയാകാനാണ് ജനപക്ഷം ശ്രമിച്ചത്. അവിടെയും ബി.ഡി.ജെ.എസിൻറെ എതിർപ്പാണ് തടസമായത്.