/kalakaumudi/media/post_banners/8bc0c55345b99ca9d7c0f6393503556d2e4b2c8b0afddcdc44bdd6bb841b011d.jpg)
ചണ്ഡീഗഢ്: ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ അടിതെറ്റി പ്രതിപക്ഷ സഖ്യം. ഇൻഡ്യ മുന്നണിക്കെതിരെ വിജയം നേടി ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ.16 വോട്ടുകൾക്കാണ് എഎപി- കോൺഗ്രസ് സംയുക്ത സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ മനോജ് സോങ്കർ പരാജയപ്പെടുത്തിയത്.
ഇൻഡ്യ മുന്നണിയുടെ കുൽദീപ് കുമാറിന് 12 വോട്ട് ലഭിച്ചപ്പോൾ എട്ട് വോട്ടുകൾ അസാധുവായി.എൻഡിഎ സർക്കാരിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ തലത്തിൽ പ്രതിപക്ഷാംഗങ്ങളെ ‘ഐക്യപ്പെടുത്തി’ ആരംഭിച്ച ഇൻഡ്യ മുന്നണി ആദ്യമായി നേരിട്ട ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. ആംആദ്മിയും കോൺഗ്രസും ഒറ്റക്കെട്ടായിട്ടും ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. എക്സ് ഒഫീഷ്യോ അംഗമായ കിരൺ ഖേറിന്റെ വോട്ടും മനോജ് കുമാർ സോങ്കറിന് ലഭിച്ചു.
ഇതോടെ എട്ട് വർഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്റെ പ്രയത്നങ്ങൾക്കുള്ള തിരിച്ചടിയാണ് ഫലപ്രഖ്യാപനമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തി. 35 അംഗ മുനിസിപ്പൽ കോർപറേഷനിൽ ബിജെപിയ്‌ക്ക് 15 അംഗങ്ങളും ഇൻഡ്യ മുന്നണിയ്‌ക്ക് 15 അംഗങ്ങളുമാണുള്ളത്.
ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനമായ ചണ്ഡീഗഢിൽ ഇൻഡ്യ സഖ്യം രൂപീകരിച്ചതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ വിജയപരാജയ സാധ്യതയെ സൂചിപ്പിക്കുന്ന ഫലം കൂടിയാണിത്.