ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി; 14 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ.

author-image
anu
New Update
ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി; 14 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ. പോലീസ് സുരക്ഷയും സി.ആര്‍.പി.എഫ് സുരക്ഷയും മറികടന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

വ്യാഴാഴ്ച രാവിലെയായിരുന്നു പ്രതിഷേധം. തൃശ്ശൂര്‍ ഏങ്ങണ്ടിയൂരില്‍ ഒരു പരിപാടിക്ക് വന്ന ഗവര്‍ണറെയാണ് കരിങ്കൊടി കാണിച്ചത്. അതിനിടെ, എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിടിച്ചുമാറ്റാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. പോലീസ് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ എസ്.എഫ്.ഐക്കാരെ മര്‍ദിച്ചു. പ്രതിഷേധത്തിനെത്തിയ 14 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച ആരോഗ്യ സര്‍വകലാശാലാ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയും ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിക്കാനുള്ള ശ്രമമുണ്ടായിരുന്നു. സംഭവത്തില്‍ 43 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Latest News kerala news