ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിച്ചില്ല; ട്വന്റി20യും ആം ആദ്മിയും വേര്‍പിരിഞ്ഞു

ട്വന്റി20 പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് രാഷ്ട്രീയസഖ്യം പിരിച്ചുവിടുന്നു.

author-image
Web Desk
New Update
ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിച്ചില്ല; ട്വന്റി20യും ആം ആദ്മിയും വേര്‍പിരിഞ്ഞു

കൊച്ചി: ട്വന്റി20 പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് രാഷ്ട്രീയസഖ്യം പിരിച്ചുവിടുന്നു. 2022 മെയ് 15 ന്, കിഴക്കമ്പലം കിറ്റെക്‌സ് ഗ്രൗണ്ടില്‍ നടന്ന മഹാസമ്മേളനത്തില്‍ വച്ചാണ് ട്വന്റി20 പാര്‍ട്ടി പ്രസിഡണ്ട് സാബു എം. ജേക്കബും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളും ചേര്‍ന്ന് പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് എന്ന സഖ്യം കേരളത്തില്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും ഈ മുന്നണിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോ ഒരു പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. സംഘടനാപരവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങള്‍ കൊണ്ടാണ് രണ്ടു പാര്‍ട്ടികള്‍ക്കും ആശയ പരമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത്.

പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് എന്ന സഖ്യം തുടരുന്നത് രാഷ്ട്രീയമായും സംഘടനാപരമായും ട്വന്റി20 യ്ക്ക് ഗുണകരമാകില്ലന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ്, ട്വന്റി20 പാര്‍ട്ടി പ്രസിഡണ്ട് സാബു എം. ജേക്കബ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനെ ഇമെയില്‍ സന്ദേശം വഴി അറിയിച്ചിട്ടുണ്ടെന്നും ആംആദ്മി പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

കേരളം സമാനതകളില്ലാത്തതരത്തില്‍ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അഴിമതിയും ധൂര്‍ത്തും കുറ്റകൃത്യങ്ങളും വര്‍ഗീയതയും പെരുകുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥലോബികളുടെ പിടിയില്‍ നിന്ന് കേരളത്തെ വീണ്ടെടുക്കാനും മലയാളികളുടെ വികസനസ്വപ്നങ്ങളെ സാക്ഷാത്കരിക്കാനും ട്വന്റി20 പാര്‍ട്ടി ശക്തമായി പ്രവര്‍ത്തിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

aap twenty20. kerala politics