/kalakaumudi/media/post_banners/0d3ce97502a4f5921dcbcda8bda0821613c44c98b4c377519f80c970e7ff1027.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ ബസ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. സിഐടിയു, എഐഎഡിഎംകെ യൂണിയന്‍ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണം ഉള്‍പ്പടെ ആറിന ആവശ്യങ്ങള്‍ പൊങ്കലിന് മുന്‍പ് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ബസ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബസ് പണിമുടക്ക് കേരളത്തിലേക്കുള്ളതടക്കമുള്ള ദീര്‍ഘദൂര ബസ് സര്‍വീസുകളെ ബാധിക്കും. അതേസമയം ഡിഎംകെ അനുകൂല യൂണിയന്‍ ആയ എല്‍പിഎഫ്, എഐടിയുസി തുടങ്ങിയവര്‍ പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
പണിമുടക്കിനെതുടര്‍ന്ന് ഗ്രാമപ്രദേശങ്ങളില്‍ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. മധുര ജില്ലയില്‍ 10 ശതമാനം ബസുകള്‍ പോലും സര്‍വീസ് നടത്തുന്നില്ല. ഈറോഡില്‍ സമരക്കാരും പൊലീസും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അതേസമയം ജീവനക്കാരുടെ പണിമുടക്ക് ബസ് സര്‍വീസിനെ ബാധിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍ ബസുകള്‍ പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കര്‍ പറഞ്ഞു. ചെന്നൈയില്‍ ഒരു റൂട്ടിലും സര്‍വീസ് മുടങ്ങിയിട്ടില്ല എന്നും 92.96 ശതമാനം ബസുകളും സര്‍വീസ് നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൊങ്കല്‍ പ്രമാണിച്ച് 19,000 ബസുകള്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.