'ശരിയായ നടപടിയല്ല, പേര് മാറ്റി വിവാദം ഒഴിവാക്കണം'; പശ്ചിമ ബംഗാളിലെ സിംഹ വിവാദത്തിൽ സർക്കാരിനോട് കോടതി

മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്ന് കോടതി ചോദിച്ചു

author-image
Greeshma Rakesh
New Update
'ശരിയായ നടപടിയല്ല, പേര് മാറ്റി വിവാദം ഒഴിവാക്കണം'; പശ്ചിമ ബംഗാളിലെ സിംഹ വിവാദത്തിൽ സർക്കാരിനോട് കോടതി

 

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കൽക്കട്ട ഹൈക്കോടതി. സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ വിമർശനം.പേര് മാറ്റി വിവാദം ഒഴിവാക്കാൻ സർക്കാരിന് കോടതി ഉപദേശിച്ചു. അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയായി ഈ ആവശ്യം നിലനിൽക്കില്ലെന്ന് അറിയിച്ച കോടതി, പൊതുതാൽപര്യ ഹർജിയായി മാറ്റാൻ നിർദ്ദേശിച്ചു. പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം.

 

 

ബംഗാളിൽ ഇതിനകം തന്നെ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു.മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്ന് കോടതി ചോദിച്ചു.

വീട്ടിലെ വളർത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോ എന്നും സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. സർക്കാർ അഭിഭാഷകൻ്റെ വളർത്തുമൃഗങ്ങളുടെ പേര് എന്തൊക്കെയെന്ന് കോടതി ആരാഞ്ഞു. സിംഹത്തിന് സ്വാമി വിവേകാനന്ദൻ എന്നോ രാമകൃഷ്ണൻ എന്നോ പേരിടുമോ എന്നും കോടതി ചോദിച്ചു.

 

സിംഹത്തിന് അക്ബർ എന്ന പേരിട്ടതും ശരിയല്ലെന്ന് കോടതി കുറ്റപ്പെടുത്തി. വേറെ എത്ര പേരുകൾ ഉണ്ടായിരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു. അതേസമയം, സീത, അക്ബർ എന്ന് പേര് നൽകിയത് ത്രിപുര സർക്കാരാണെന്ന് ബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിൻ്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. മൃഗങ്ങളുടെ കൈമാറ്റ പദ്ധതി പ്രകാരമാണ് ബംഗാളിലേക്ക് എത്തിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ത്രിപുര പേര് നൽകിയപ്പോൾ അതിൽ മിണ്ടാത്ത വിഎച്ച്പിയാണ് ഇപ്പോൾ ഹർജിയുമായി വന്നിരിക്കുന്നതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

 

 

അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. പാർക്കിലെ മൃഗങ്ങളുടെ പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിൻറെ ഹർജി. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദീകരിക്കുന്നത്.

Safari park VHP Calcutta High Court Lioness Sita housed with lion Akbar