കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്; ആദ്യമായി ബിജെപി അംഗങ്ങളും

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലേക്കു ചാന്‍സലറുടെ പ്രതിനിധികളായി ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തവരില്‍ ബിജെപി അംഗങ്ങളും.

author-image
Web Desk
New Update
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്; ആദ്യമായി ബിജെപി അംഗങ്ങളും

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലേക്കു ചാന്‍സലറുടെ പ്രതിനിധികളായി ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തവരില്‍ ബിജെപി അംഗങ്ങളും. നാമനിര്‍ദ്ദേശത്തിലൂടെ ആദ്യമായാണ് ബിജെപി അംഗങ്ങള്‍ക്ക് സെനറ്റില്‍ അംഗത്വം ലഭിക്കുന്നത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദ്ദേശം ചെയ്ത 18 പേരില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബിജെപി അംഗങ്ങളാണ് ഉള്‍പ്പെടുന്നത്. അതേസമയം വൈസ് ചാന്‍സലര്‍ നല്‍കിയ ഔദ്യോഗിക പാനലിലെ 2 പേരൊഴികെ മുഴുവന്‍ സിപിഎംകാരെയും ഗവര്‍ണര്‍ ഒഴിവാക്കി. എന്നാല്‍ ചില ക്രിസ്ത്യന്‍ സംഘടനകള്‍ നിര്‍ദേശിച്ചവരെ സെനറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യൂണിവേഴ്‌സിറ്റിയുടെ കഴിഞ്ഞ 55 വര്‍ഷത്തിനിടയില്‍ ഇതുവരെയും നാമനിര്‍ദേശത്തിലൂടെ ബിജെപിക്ക് സെനറ്റില്‍ അംഗത്വം ലഭിച്ചിട്ടില്ലായിരുന്നു. ഇത്തവണ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 18 പേരില്‍ ആറ് പേര്‍ ബിജെപി പ്രവര്‍ത്തകരും അഞ്ച് പേര്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ സാധ്യതയുള്ളവരുമാണ്. ഇതോടെ ഫലത്തില്‍ 18 ല്‍ 11 പേരുടെ വരെ പിന്തുണ ബിജെപിക്ക് നേടാന്‍ കഴിയും എന്നത് വ്യക്തമാണ്.

സിന്‍ഡിക്കറ്റില്‍ ഒരംഗത്തെ ക്വോട്ട തികച്ച് ജയിപ്പിക്കാന്‍ സെനറ്റില്‍ നിന്നുള്ള 11 അംഗങ്ങളുടെയെങ്കിലും വോട്ട് വേണ്ടിവരും. ചാന്‍സലറുടെ നാമനിര്‍ദ്ദേശം ബിജെപിയെ സംബന്ധിച്ച് സിന്‍ഡിക്കറ്റിലേക്കുള്ള ഒരു പ്രധാന കവാടമാണ്. നിലവിലെ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള അടക്കം ചിലര്‍ നേരത്തെ തിരഞ്ഞെടുപ്പിലൂടെ സെനറ്റില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സിന്‍ഡിക്കറ്റിലേക്ക്  തിരഞ്ഞെടുപ്പ് വഴി ബിജെപിയില്‍ നിന്നും ഇതുവരെ ആരും എത്തിയിട്ടില്ല.

പുതുതായി സെനറ്റ് അംഗത്വം ലഭിച്ചവരില്‍ മൂന്ന് പേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. സര്‍വകലാശാലയിലെ ഒരു ശാസ്ത്ര ജ്ഞനും റിട്ട. ഉദ്യോഗസ്ഥനും ഇതിലുള്‍പ്പെടുന്നു. മുസ്ലിം ലീഗില്‍ നിന്നും രണ്ട് പേരാണ് ഉള്ളത്. നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ട് സി്പിഎം പ്രതിനിധികളും വിദ്യാര്‍ഥി പ്രതിഭകളാണ്.

സെനറ്റ് അംഗങ്ങള്‍ ആകേണ്ട ഓരോരുത്തരെയും പ്രത്യേകം വിലയിരുത്തിയാണ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തത്. ഇതില്‍ പത്മശ്രീ ജേതാവും ഉള്‍പ്പെടുന്നു. സര്‍ക്കാരിനു താല്‍പര്യമുള്ളവരുടെ പേരുകള്‍ വൈസ് ചാന്‍സലര്‍ വഴി ഗവര്‍ണര്‍ക്കു നല്‍കുകയും അത് അദ്ദേഹം അതേപടി അംഗീകരിക്കുകയുമാണ് ഇതുവരെ ചെയ്തിരുന്നത്.

എന്നാല്‍ കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ തവണ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ അദ്ദേഹത്തിനെതിരെ സിപിഎം കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചിരുന്നു. ഇവരെ ഗവര്‍ണര്‍ പിന്‍വലിച്ചെങ്കിലും കോടതി ഇടപെട്ട് സെനറ്റ് അംഗത്വം നിലനിര്‍ത്തി. ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് ഓരോരുത്തരെയും പ്രത്യേകം വിലയിരുത്തി അതില്‍ ഏറ്റവും മികച്ചതെന്ന് തോന്നുവരെ മാത്രം ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തത്.

സെനറ്റ് അംഗങ്ങളായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും ഗവര്‍ണര്‍ക്ക് ബയോഡേറ്റ സഹിതം അപേക്ഷ നല്‍കിയിരുന്നു.ഇതിനു പുറമേയാണ് വിസിയുടെ ഔദ്യോഗിക പട്ടിക കൂടി ലഭിച്ചത്.

kerala news Latest News calicut university senate