/kalakaumudi/media/post_banners/0922d4e49bd894e1f7d6c5d60c0e2364058addf0a21194c179a6d8363afa18c1.jpg)
കൊൽക്കത്ത: അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് അപകീർത്തികരവും ലൈംഗിക അർത്ഥമുള്ളതാണെന്നും കൊൽക്കത്ത ഹൈകോടതി.ജസ്റ്റിസ് ജയ് സെൻഗുപ്ത അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നിരീക്ഷണം.വനിതാ പൊലീസിനെ ഡാർലിങ് എന്ന് വിളിച്ച കേസിലാണ് കോടതിയുടെ വിധി.
ജനക് റാം എന്നയാളുടെ ശിക്ഷ ശരിവെച്ച് പോർട്ട് ബ്ലെയർ ബെഞ്ചിലെ സിംഗിൾ ജഡ്ജി ജസ്‌റ്റിസ് ജയ് സെൻഗുപ്തയാണ് ഈ നിരീക്ഷണം നടത്തിയത്. 'എന്താ ഡാർലിങ് എനിക്ക് പിഴയിടാൻ വന്നതാണോ' എന്നാണ് ജനക് റാം സ്ത്രീയായ പൊലീസ് കോൺസ്റ്റബിളിനോട് ചോദിച്ചത്. ലൈംഗിക ചുവയുള്ള പരാമർശം സ്ത്രീത്വത്തെ അപമാനിക്കലാണെന്നും സെക്ഷൻ 354 എ പ്രകാരം ശിക്ഷാർഹമാണെന്നും കോടതി വ്യക്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥയാണെങ്കിലും അല്ലെങ്കിലും ഒരു സ്ത്രീയെ തെരുവിൽ വെച്ച്, മദ്യപിച്ചോ അല്ലാതെയോ ഒരു യുവാവ് ഡാർലിങ് എന്ന് വിളിക്കുന്നത് അപകീർത്തികരമാണെന്നും ലൈംഗികചുവയുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരിചയമില്ലാത്ത സ്ത്രീകളെ ഡാർലിങ് പോലുള്ള വാക്കുകൾ കൊണ്ട് സന്തോഷത്തോടെ അഭിസംബോധന ചെയ്യാൻ പുരുഷന് അവകാശമില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം 354 എ(i), 509 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് മായാബന്ദർ നോർത്ത് ആൻഡ് മിഡിൽ ആൻഡമാനിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജനക് റാമിന് മൂന്ന് മാസത്തെ തടവും, 500 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ 2023 നവംബറിൽ അപ്പീൽ നൽകിയിരുന്നുവെങ്കിലും നോർത്ത് & മിഡിൽ ആൻഡമാൻ അഡീഷണൽ സെഷൻസ് ജഡ്ജി അപ്പീൽ നിരസിച്ചു.
ഇതോടെയാണ് റാം കൊൽക്കത്ത ഹൈകോടതിയെ സമീപിച്ചത്. പ്രതി പിന്നീട് അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും അതിനാൽ മൂന്ന് മാസത്തെ തടവ് ഒരു മാസമാക്കി കുറച്ചതായും കോടതി വ്യക്തമാക്കി.