/kalakaumudi/media/post_banners/e2cc54e12c0f4cda56d3419c46d5768579bd90ba030efb89630aaf53d01034b1.jpg)
* സിറോ മലബാര്‍ സഭയെ വര്‍ഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വില്‍പ്പനയും കുര്‍ബാന വിവാദവുമാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്.
തൃക്കാക്കര: സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ എന്ന പദവിയില്‍ നിന്നും 12 വര്‍ഷത്തിന് ശേഷമാണ് പടിയിറക്കം. ബിഷപ്പ് സെബാസ്ത്യന്‍ വാണിയപ്പുരക്കലിന് പകരം താല്‍ക്കാലിക ചുമതല നല്‍കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിനാണ് എറണാകുളം - അങ്കമാലി അതിരൂപതയുടെ താല്‍കാലിക ചുമതല. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്‌ട്രേറ്റര്‍ സ്ഥാനവും ഒഴിഞ്ഞു. ബിഷപ് ബോസ്‌കോ പുത്തൂരിന് ചുമതല. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും. മാര്‍പാപ്പയുടെ അനുമതിയോടെ വിരമിക്കുകയാണെന്ന് ആലഞ്ചേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നവും പ്രായാധിക്യവും വത്തിക്കാനെ അറിയിച്ചിരുന്നു. ഇത് വത്തിക്കാന്‍ അംഗീകരിച്ചു.
ആലഞ്ചേരിക്ക് തിരിച്ചടിയായത് ഭൂമി വില്‍പ്പനയും കുര്‍ബാന വിവാദവും
കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കല്ലേറേറ്റ സഭാധ്യക്ഷ്യന്‍ കൂടിയാണ് ഒടുവില്‍ പടിയിറങ്ങുന്നത്. സിറോ മലബാര്‍ സഭയെ വര്‍ഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വില്‍പ്പനയും കുര്‍ബാന വിവാദവുമാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്.
ചങ്ങനാശേരി തുരുത്തിക്കാരനായ ഗീവര്‍ഗീസ് എസ് ബി കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെയാണ് ബിരുദം നേടിയത്. കേരള കത്തോലിക്കാ സഭയില്‍ സമ്പത്തുകൊണ്ടും ആളെണ്ണം കൊണ്ടും പ്രബല വിഭാഗമായ സിറോ മലബാര്‍ സഭയുടെ അമരത്ത് അവരോധിക്കപ്പെട്ടശേഷം സഭാ ഭൂമിവില്‍പ്പനയിലടക്കം 'കണക്കുകൂട്ടലുകള്‍' പിഴച്ചിടത്താണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കാലിടറിയത്. സഭാധ്യക്ഷന്‍ എന്ന നിലയ്ക്ക് വഴിവിട്ട യാതൊരു സാമ്പത്തിക നേട്ടവും ആലഞ്ചേരിക്കുണ്ടായില്ലെന്ന് അന്വേഷണ കമ്മീഷനുകള്‍ വടിവൊത്ത അക്ഷരത്തില്‍ വത്തിക്കാനിലേക്കടക്കം എഴുതിക്കൊടുത്തെങ്കിലും കാനോനിക നിയമങ്ങള്‍ പാലിക്കുന്നതില്‍ പിഴവുപറ്റിയെന്ന കണ്ടെത്തലാണ് കര്‍ദിനാളിന് തിരിച്ചടിയായത്.
കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമി
2012 ഫെബ്രുവരി 18ന് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമിയായിട്ടാണ് ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. എറണാകുളംകാരനല്ലാത്ത രാള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ തലപ്പത്തെത്തിയെന്ന ചരിത്രപരമായ നിയോഗം കൂടി ഈ നിയമനത്തിനുണ്ടായിരുന്നു. അക്കാലത്തുതന്നെ മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും 2017ലെ സഭാ ഭൂമി വിവാദത്തോടെയാണ് അതങ്ങ് കയറിക്കൊളുത്തിയത്. എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും ഒരു വിഭാഗം വിശ്വാസികളും സഭാധ്യക്ഷനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. സഭാതലവനെ സംരക്ഷിക്കാന്‍ സിനഡും വത്തിക്കാനും ഒപ്പം നിന്നു.
അതിരൂപതയില്‍ പ്രതിഷേധം ആളിക്കത്തിയതോടെ ആസ്ഥാന ഇടവകയായ എറണാകുളം സെന്റ് മേരീസ് കത്തീട്രലില്‍ കാലുകുത്താന്‍ പോലും വയ്യാത്ത ഗതികേടിലായി ആലഞ്ചേരി. ഇതിന് പിന്നാലെയാണ് സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണമെന്ന സുപ്രധാന തീരുമാനവുമായി കര്‍ദിനാളും സിനഡും മുന്നോട്ട് പോയത്. ഇതിനെതിനെ എറണാകുളം അങ്കമാലി അതിരൂപത നിസഹരണം പ്രഖ്യാപിച്ചതോടെ അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് പ്രശ്‌നപരിഹാരത്തിന് വത്തിക്കാനും ശ്രമിച്ചു. സിറോ മലബാര്‍ സഭയുടെ തലവന്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ കൂടി തലവനായിരിക്കുമെന്ന കാലങ്ങളായുളള കീഴ്വഴക്കമാണ് ഇല്ലാതായത്. അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വത്തിക്കാന് നേരിട്ട് റിപ്പോര്‍ട് ചെയ്യുന്ന തീരുമാനം കൂടി ഇതിനിടെ വന്നു.
എല്ലാം മുന്‍കൂട്ടിക്കണ്ട കര്‍ദിനാള്‍ ഇതിനിടെ കൊച്ചി നഗരത്തിലെ അതിരൂപതയുടെ അരമനവിട്ട് കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് മല കയറിയിരുന്നു. എണ്‍പതിനോടടുക്കുന്ന കര്‍ദിനാളിന്റെ സ്ഥാനത്യാഗത്തെപ്പറ്റി ഏറെക്കാലമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഏതാനും വര്‍ഷങ്ങളായി വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ കൂടിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. തന്നെ കല്ലെറിഞ്ഞവരോടും സൗമ്യതയോടെ പെരുമാറിയ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സഭയില്‍ സമാധാനം എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.