/kalakaumudi/media/post_banners/4ebdcd1b6497996a12cf36af389a23506b0efb3a882c0bb91c252dd0b9e34843.jpg)
പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ കൈയേറ്റത്തിനിരയായ വിദ്യാർഥിനിക്കെതിരെ പൊലീസ് കേസ്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് പറഞ്ഞാണ് കേസെടുത്തത്.
ആക്രമിച്ച സംഭവത്തിൽ സി.പി.എം പെരുനാട് ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും നാലാംവർഷ വിദ്യാർഥിയുമായ എസ്.എഫ്.ഐ നേതാവിനെതിരെ കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. ആക്രമണത്തിൽ പെൺകുട്ടിയുടെ മൂക്കിന് സാരമായ പരിക്കേറ്റിരുന്നു.
പിന്നാലെ കെ.എസ്.യു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ആറന്മുള പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് മർദനത്തിനിരയായ മൂന്നാംവർഷ വിദ്യാർഥിനിക്കെതിരെയും പൊലീസ് കേസെടുത്തത്. പ്രിൻസിപ്പലിനെതിരെ കോളജിൽ അടുത്തിടെ നടന്ന സമരത്തിൽ എല്ലാ വിദ്യാർഥി സംഘടനകളും ഒന്നിച്ചായിരുന്നു.
എന്നാൽ പിന്നീട് എസ്.എഫ്.ഐ നേതാക്കൾ അറ്റൻഡൻസ് പ്രശ്നം മറികടന്ന് പരീക്ഷ എഴുതി. സമരത്തിൽ ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനിക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇതാണ് തർക്കത്തിനിടയാക്കിയത്.പെൺകുട്ടിയുടെ മൂക്കിടിച്ച് തകർക്കുകയും ദേഹത്തുപിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് എസ്.എഫ്.ഐ നേതാവിനെതിരെയുള്ള പരാതി.
വെള്ളിയാഴ്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. സമരം നടത്തിയവർക്കെതിരെയും പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്.