/kalakaumudi/media/post_banners/b2e07c0a4d32d4245253d2d1e83983ca13e4225e55fcb45010b6edfee45ca6f1.jpg)
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ്‌ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. നടക്കാവ് സ്റ്റേഷനിലാണ് ഹാജരാവേണ്ടത്.
രാവിലെ 9 മണിക്ക് പദയാത്രയായാണ് സുരേഷ് ഗോപി സ്റ്റേഷനിലേക്ക് പോവുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ നടക്കാവ് ഇംഗ്ലീഷ് പളളി മുതല്‍ പൊലീസ് സ്റ്റേഷന്‍ വരെ സുരേഷ് ഗോപിയെ അനുഗമിക്കും.
ഈ മാസം 18ന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്.
സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നോട്ടീസ് ലഭിച്ചതോടെ ഇന്ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.
സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.