/kalakaumudi/media/post_banners/33b4e45030b9a762257fc8781207d7b00922c6cc86f1df85308cbd935cc2cbb6.jpg)
ന്യൂഡല്‍ഹി: അടുത്ത അധ്യായന വര്‍ഷം മുതല്‍ സിബിഎസ്ഇ വാര്‍ഷിക പരീക്ഷ രണ്ട് തവണയായി നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ഷിക പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പറ്റാത്ത വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2024-25 അധ്യായന വര്‍ഷത്തില്‍ ആരംഭിക്കുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളിലായിരിക്കും പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക.
2021 ല്‍ കോവിഡ് മൂലം സിബിഎസ്ഇ രണ്ട് തവണയായിട്ടായിരുന്നു വാര്‍ഷിക പരീക്ഷകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം 38.82 ലക്ഷം വിദ്യാര്‍ഥികളാണ് 10,12 ക്ലാസുകളിലായി പരീക്ഷയെഴുതിയത്. 2024 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ആദ്യ വാര്‍ഷിക പരീക്ഷയും 2025 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ രണ്ടാമത്തെ പരീക്ഷയുമാകും നടത്തുക എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ട് പരീക്ഷകളില്‍ നിന്ന് നേടിയ മാര്‍ക്കില്‍ നിന്നും മികച്ചതായിരിക്കും അന്തിമ ഫലത്തിനായി തിരഞ്ഞെടുക്കുക.