ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനമായി

By Web desk.30 11 2023

imran-azhar

 


റാഫ: ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ആറുദിവസംപിന്നിട്ട വെടിനിര്‍ത്തല്‍ നീട്ടാനായി യു.എസ്. രഹസ്യാന്വേഷണ എജന്‍സിയായ സി.ഐ.എ.യുടെ തലവന്‍ വില്യം ബേണ്‍സും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍ണീയും ഖത്തറിലെത്തിയിരുന്നു. തുടര്‍ന്ന് വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

മധ്യസ്ഥ ചര്‍ച്ചയും ബന്ദികളാക്കപ്പെട്ടവരുടെ മോചനവും തുടരുകയാണെന്നും മറ്റു കരാര്‍ വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ തുടരുമെന്നും ഇസ്രയേല്‍ സൈനികനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കരാര്‍ വ്യവസ്ഥകള്‍ എന്താണെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. ഏഴാം ദിവസവും വെടിനിര്‍ത്തല്‍ തുടരുമെന്ന് ഹമാസ് വൃത്തങ്ങളും അറിയിച്ചു.

ജി-7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും സംയുക്തപ്രസ്താവനയിലൂടെ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. നാലുദിവസംകൂടി വെടിനിര്‍ത്തല്‍ തുടരാന്‍ സന്നദ്ധമാണെന്ന് ഹമാസ്, ഖത്തറിനെ അറിയിച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇരുഭാഗത്തുനിന്നും തീരുമാനം ഉണ്ടായിരിക്കുന്നത്.

 

കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ അതിനാനുപാതികമായ പലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്നും അതുവരെ വെടിനിര്‍ത്തല്‍ നീട്ടാന്‍ സന്നദ്ധമാണെന്നും ഇസ്രയേല്‍ നേരത്തെ അറിയിച്ചിരുന്നു.

 

ചൊവ്വാഴ്ച രാത്രിയോടെ ഒമ്പതുസ്ത്രീകളും ഒരു കൗമാരക്കാരനും രണ്ട് തായ് പൗരരുമടക്കം 12 ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. പിന്നാലെ 30 പലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഇതോടെ വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍വന്നശേഷം ആകെ മോചിപ്പിക്കപ്പെട്ട ബന്ദികളുടെ എണ്ണം 81 ആയി. ഇതില്‍ 60 പേര്‍ ഇസ്രയേലി പൗരരും മറ്റുള്ളവര്‍ വിദേശികളുമാണ്. 180 തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിട്ടുണ്ട്.

 

OTHER SECTIONS