/kalakaumudi/media/post_banners/bc5bbf621f3d6392aed11bf215a9031e21ff78740cfa8b696822501da0855a8f.jpg)
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയര്‍ത്താനാവില്ലെന്നും എജി മുഖേന കേന്ദ്ര ധനകാര്യമന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാന ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കാനിരിക്കെയാണ് കേരളത്തെ പഴിചാരിയുള്ള 46 പേജുള്ള കുറിപ്പ് കേന്ദ്രം നല്‍കിയത്.
പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്‌മെന്റുള്ള സംസ്ഥാനമാണ് കേരളം. 2018-2019ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 2021-22 ല്‍ ഇത് 39 ശതമാനമായി ഉയര്‍ന്നെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങളുടെ റവന്യൂ ചിലവ് 74 ശതമാനത്തില്‍ നിന്നും 82 ശതമാനമായെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കേന്ദ്രം നല്‍കേണ്ട നികുതി വരുമാനവും , ജി എസ് ടി നഷ്ടപരിഹാരവും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള പണവും നല്‍കിയിട്ടുണ്ട് . ഇതിനെല്ലാം പുറമേ ഊര്‍ജമേഖലയിലേക്ക് നാലായിരം കോടി കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും നല്‍കി.
ഇതെല്ലാമായിട്ടും മോശം ധനകാര്യമാനേജ്‌മെന്റ് കാരണം കടത്തില്‍ നിന്ന് കടത്തിലേക്ക് നീങ്ങുന്നു . ഇതിന്റെ ഉത്തരവാദിത്വം കേരളത്തിന് മാത്രമാണെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.