'കേന്ദ്രം ഭീഷണിപ്പെടുത്തി'; കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്ത് എക്സ്

കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടെയും കർഷക സംഘടന നേതാക്കളുടെയും അക്കൗണ്ടുകളാണ് എക്സ് സസ്പെൻഡ് ചെയ്തത്

author-image
Greeshma Rakesh
New Update
'കേന്ദ്രം ഭീഷണിപ്പെടുത്തി'; കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്ത് എക്സ്

ന്യൂഡൽഹി:  കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും  നീക്കം ചെയ്ത് എക്സ്. കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു. കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടെയും കർഷക സംഘടന നേതാക്കളുടെയും അക്കൗണ്ടുകളാണ് എക്സ് സസ്പെൻഡ് ചെയ്തത്.

അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തിയതായി എക്സ് വ്യക്തമാക്കി.അതെസമയം കേന്ദ്ര സർക്കാർ നടപടിയോട് യോജിക്കുന്നില്ലെന്നും എക്സിന്റെ വിശദീകരണത്തിൽ വ്യക്തമാക്കി.

നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അക്കൗണ്ട് ഉടമകള്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ പോസ്റ്റുകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്ന് പറഞ്ഞുകൊണ്ടാണ് ചില അക്കൗണ്ടുകളെ ഗവണ്‍മെന്റ് നിര്‍ദേശ പ്രകാരം വിലക്കേണ്ടി വന്നുവെന്ന് എക്സ് തുറന്നു പറഞ്ഞത്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ താല്‍കാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ആശയപരമായി സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളോട് വിയോജിപ്പുണ്ടെന്നും കമ്പനി തുറന്നടിച്ചു. നിയമപരമായ തടസ്സമുള്ളതിനാല്‍ ഉത്തരവിന്റെ പകര്‍പ്പ് പ്രസിദ്ധപ്പെടുത്താനാകില്ലെന്നും എക്‌സ് അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് തങ്ങളുടെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് പേജിലൂടെ അറിയിച്ചു.

അതെസമയം നിയമ പ്രശ്‌നങ്ങളാല്‍ സര്‍ക്കാര്‍ ഉത്തരവ് കാണിക്കാന്‍ കഴിയില്ലെന്ന് പറയുമ്പോഴും അവ പരസ്യമാക്കുന്നത് സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറയാനും മസ്‌കിന്റെ കമ്പനി മടിച്ചില്ല. വ്യാഴാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞുള്ള എക്സിന്റെ പോസ്റ്റില്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.

മാത്രമല്ല തങ്ങളുടെ നിലപാടിന് അനുസൃതമായി അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ഒരു റിട്ട് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും എക്സ് വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്ക് വിധേയരായ അക്കൗണ്ട് ഉടമകളെ തങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായി വിവരം അറിയിച്ചുവെന്നും ഇത് നല്ല കീഴ്‌വഴക്കമല്ലെന്നും ഇത്തരത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായ കാര്യം ജനങ്ങള്‍ അറിയണമെന്നതിനാലാണ് ഈ പോസ്റ്റിലൂടെ വിവരം വെളിപ്പെടുത്തിയതെന്നും എക്‌സ് വ്യക്തമാക്കി.

 

twitter farmers protest threatening