/kalakaumudi/media/post_banners/f27d13de585ce614ba88e5be021749e474cdbaf995e4ebbffe0aed14425c61e4.jpg)
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭൂമി കുംഭകോണക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പിന്നാലെയാണ് ചംപയ് ജാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകുന്നത്. ചംപയ്ക്കൊപ്പം കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ആലംഗീര്‍ ആലം, ഏക ആര്‍ജെഡി നിയമസഭാംഗം സത്യാനന്ദ് ഭോക്ത എന്നിവരും മന്ത്രിമാരായി അധികാരമേറ്റു.
അധികാരം നിലനിര്‍ത്താന്‍ പത്തു ദിവസത്തിനുള്ളില്‍ വിശ്വാസം തെളിയിക്കണമെന്ന വെല്ലുവിളിയാണ് ചംപയ്ക്കും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പാര്‍ട്ടിക്കും മുന്നില്‍ ഇനിയുള്ളത്. 43 എംഎല്‍എമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നാണ് ചംപയ് അവകാശപ്പെട്ടത്.
മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റ് ചെയ്തതോടെ ജാര്‍ഖണ്ഡില്‍ 24 മണിക്കൂറിലേറെ മുഖ്യമന്ത്രിയില്ലാതെ ഭരണം സ്തംഭിച്ചിരുന്നു. അതിനിടെ ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് ചംപയ് ഉള്‍പ്പെടെയുള്ളവര്‍ രാജ്ഭവനില്‍ എത്തിയെങ്കിലും സത്യപ്രതിജ്ഞയ്ക്കുള്ള സമയം അനുവദിക്കാന്‍ ഗവര്‍ണര്‍ വിമുഖത കാട്ടി. സത്യപ്രതിജ്ഞ വൈകിപ്പിച്ച് അധികാരം പിടിക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്കയില്‍ എംഎല്‍എമാരെ ഹൈദരാബാദിലേക്ക് അയയ്ക്കാന്‍ വ്യാഴാഴ്ച രാത്രി ജെഎംഎം ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കിയിരുന്നു.
സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ അര്‍ധരാത്രിയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചംപയ് സോറനെ ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന്‍ ക്ഷണിച്ചു. പത്ത് ദിവസത്തിനകം വിശ്വാസ വോട്ട് നേടണമെന്നാണ് ഗവര്‍ണര്‍ ചംപയ് സോറനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാനുളള നിയമസഭയുടെ പ്രത്യേക സമ്മേളനം അടുത്ത ആഴ്ച ചേരും.