
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തിലാണ് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ് നടന്നത്. പട്രോളിങ് സമയത്ത് മാവോയിസ്റ്റുകള്‍ ആദ്യ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് പൊലീസ് തിരിച്ചടിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് മൂന്നു തോക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വയനാട്ടില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കണ്ണൂര്‍ ജില്ലയിലെ വനമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ കരിക്കോട്ടക്കരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയാതായും വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ നിലനിന്നിരുന്ന പ്രദേശമാണ് കരിക്കോട്ടക്കരി.
നേരത്തെ പൊലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ സമയത്തായിരുന്നു ഇവിടെ നിന്നും മാവോയിസ്റ്റ് സംഘം അരിയും സാധനങ്ങളുമായി തിരിച്ചു പോയത്. കരിക്കോട്ടക്കരി സ്റ്റേഷന്‍ പരിധിയിലെ മൂന്നു വീടുകളിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതംഗങ്ങള്‍ സംഘത്തിലുണ്ടായിരുന്നതായി പ്രദേശവാസികള്‍ അറിയിച്ചു. കേളകം, ആറളം, അയ്യന്‍കുന്ന് വനമേഖല കേന്ദ്രീകരിച്ചാണ് തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തുന്നത്.