ശബരിമല തിരക്ക്; കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങള്‍ ഒരുക്കണം: മുഖ്യമന്ത്രി

ശബരിമലയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.

author-image
anu
New Update
ശബരിമല തിരക്ക്; കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങള്‍ ഒരുക്കണം: മുഖ്യമന്ത്രി

 

ഇടുക്കി: ശബരിമലയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീര്‍ത്ഥാടകര്‍ക്ക് ദോഷമില്ലാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ക്കിംഗ് സംവിധാനം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കണം. അതിന് ദേവസ്വം ബോര്‍ഡ് ക്രമീകരണമുണ്ടാക്കണം. ട്രാഫിക്ക് നിയന്ത്രണത്തിലും നിഷ്‌കര്‍ഷ പുലര്‍ത്തണം. പോലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിര്‍ത്തിക്കൊണ്ടുള്ള മാറ്റമാണ് വേണ്ടത്. കഴിഞ്ഞ സീസണിലേതിനേക്കാള്‍ കൂടുതല്‍ പോലീസ് സേനയെ ഇത്തവണ ശബരിമലയില്‍ നിയോഗിച്ചിട്ടുണ്ട്. യുക്തമായ ഏജന്‍സികളില്‍ നിന്ന് വളണ്ടിയര്‍മാരെ കണ്ടെത്തണം. ശബരിമലയില്‍ പതിവിനു വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല. വരുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയ സൗകര്യങ്ങളും ജനങ്ങളെ യഥാസമയം അറിയിക്കാനും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ മനസ്സിലാക്കി തിരുത്തിക്കാനുമുള്ള ഇടപെടലാണ് വേണ്ടത്.

തെറ്റായ വാര്‍ത്തകള്‍ സംസ്ഥാനത്തും പുറത്തും പ്രചരിപ്പിക്കുന്നത് മനസ്സിലാക്കി യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കാന്‍ ഇടപെടല്‍ ഉണ്ടാവണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്ത് തുടര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. തീര്‍ത്ഥാടകര്‍ വരുന്ന പാതകളില്‍ ശുചീകരണം ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്ഥാടനത്തിനെത്തിയ കുട്ടിയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

 

Latest News kerala news