ഷര്‍ട്ടും മുണ്ടും അലമാരയില്‍ വച്ചാല്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിച്ചുവയ്‌ക്കുന്ന അവസ്ഥ, ഔദ്യോഗിക വസതികള്‍ പരിതാപകരമായ അവസ്ഥയിൽ: മുഖ്യമന്ത്രി

കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം തുറന്ന് വയ്‌ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.ഷര്‍ട്ടും മുണ്ടും ഇസ്തിരിയിട്ടുവച്ചാല്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിയ്ക്കുന്ന അവസ്ഥയോളമെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
Greeshma Rakesh
New Update
ഷര്‍ട്ടും മുണ്ടും അലമാരയില്‍ വച്ചാല്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിച്ചുവയ്‌ക്കുന്ന അവസ്ഥ, ഔദ്യോഗിക വസതികള്‍ പരിതാപകരമായ അവസ്ഥയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക വസതികള്‍ പലതും പരിതാപകരമായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം തുറന്ന് വയ്‌ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

ഷര്‍ട്ടും മുണ്ടും ഇസ്തിരിയിട്ടുവച്ചാല്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിയ്ക്കുന്ന അവസ്ഥയോളമെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ അഭിമാനമായിരുന്ന ഗസ്റ്റ് ഹൗസുകളെ ഇപ്പോള്‍ ദയാവധത്തിന് വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘വലിയ സുഖസൗകര്യങ്ങളുള്ള മുറികളിലാണ് മന്ത്രിമാര്‍ താമസിക്കുന്നതെന്നാണ് ജനങ്ങള്‍ കരുതുന്നത്. കുടിവെള്ളത്തില്‍ മരപ്പട്ടി മൂത്രമൊഴിക്കുമോ എന്ന് പേടിച്ചാണ് പല മന്ദിരങ്ങളിലും മന്ത്രിമാര്‍ താമസിക്കുന്നത് എന്നാണ് സത്യം’. മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന പുതിയ പാര്‍പ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

സംസ്ഥാനത്തെ മന്ത്രിമന്ദിരങ്ങളും ഗസ്റ്റ് ഹൗസുകളും കൃത്യമായി സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കവേയായിരുന്നു ഔദ്യോഗിക വസിതിയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ താമസ സൗകര്യം സംബന്ധിച്ച് ദീര്‍ഘകാലമായി പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ആക്കുളത്ത് സംസ്ഥാന സര്‍ക്കാര്‍ പുതിയ മന്ദിരം പണിയുന്നത്.

pinarayi vijayan CLIFF HOUSE kerala official guest houses