By Web Desk.01 10 2023
തിരുവനന്തപുരം: സഹകരണ തട്ടിപ്പ് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ വീട്ടിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ല അണ്‍എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് പ്രതിഷേധിച്ചത്.
കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരുടെ നേതൃത്വത്തിലാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിക്കുന്നത്.
സൊസൈറ്റി ശിവകുമാറിന്റെ ബിനാമിയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. അതേസമയം സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവകുമാര്‍ പറയുന്നത്.
300 ഓളം പേര്‍ക്ക് പണം നഷ്ടമായെന്നാണ് പരാതി. 13 കോടിയിലേറെ നഷ്ടമായെന്ന് നിക്ഷേപകര്‍ പറയുന്നു. സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രന്‍ ശിവകുമാറിന്റെ ബിനാമിയാണെന്ന നിക്ഷേപകര്‍ ആരോപിച്ചു.
രണ്ടു വര്‍ഷത്തിലേറെയായി നിക്ഷേപകര്‍ക്ക് പലിശ ലഭിക്കുന്നില്ല. പണം തിരികെ ആവശ്യപ്പെട്ടതോടെ സൊസൈറ്റിയുടെ പ്രധാന ശാഖ അടച്ചുപൂട്ടിയെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ ശിവകുമാറിന്റെ വീട്ടുവളപ്പില്‍ നിന്നും നീക്കം ചെയ്തത്. പിന്നീട് ഗേറ്റിന് മുന്നിലും നിക്ഷേപകര്‍ പ്രതിഷേധിച്ചു.