'കേന്ദ്രത്തിൽ കോൺഗ്രസെങ്കിൽ ഇവിടെ കമ്മ്യൂണിസ്റ്റ്'; കേരളത്തിലും കുടുംബവാഴ്ചയെന്ന് പ്രധാനമന്ത്രി

പതിറ്റാണ്ടുകളായുള്ള എൽഡിഎഫ്- യുഡിഎഫ് ഭരണങ്ങൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തു.വരുംനാളുകളിൽ ബിജെപി കേരളത്തെ മുന്നോട്ടുനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

author-image
Greeshma Rakesh
New Update
'കേന്ദ്രത്തിൽ കോൺഗ്രസെങ്കിൽ ഇവിടെ കമ്മ്യൂണിസ്റ്റ്'; കേരളത്തിലും കുടുംബവാഴ്ചയെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തി‌ലും കുടുംബവാഴ്ചയെന്ന രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.കേരളത്തിൽ കമ്മ്യൂണിസ്റ്റുകളും കേന്ദ്രത്തിൽ കോൺഗ്രസും ഒരോ കുടുംബങ്ങൾക്കുമായി നിലകൊള്ളുന്നവരാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

 

പതിറ്റാണ്ടുകളായുള്ള എൽഡിഎഫ്- യുഡിഎഫ് ഭരണങ്ങൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തു.വരുംനാളുകളിൽ ബിജെപി കേരളത്തെ മുന്നോട്ടുനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരുവനന്തപുരത്തെ ബിജെപിയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

2019ൽ കേരളത്തിൽ എൻഡിഎ സഖ്യത്തിന് വലിയ മുന്നേറ്റമാണ് കാഴ്ചവയ്‌ക്കാൻ സാധിച്ചത്. അത് ഇത്തവണ ഇരട്ടയക്ക സീറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2019 ലെ മുദ്രാവാക്യം ‘ഒരിക്കൽ കൂടി മോദി സർക്കാർ’ എന്നായിരുന്നെങ്കിൽ 2024 ൽ ‘ഇത്തവണ 400 സീറ്റ്’ എന്നതാണ്. 2024 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം പരാജയപ്പെടുമെന്ന് അവർക്ക് തന്നെ ഉറപ്പായിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം അവരുടെ മുന്നിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള റോഡ് മാപ്പില്ല, മോദിയെ കുറ്റം പറയുക എന്നതുമാത്രമാണ് പ്രതിപക്ഷത്തിന്റെ നയമെന്നും കുറ്റപ്പെടുത്തി.

 

കേരളം ഇത്തവണ രാഷ്‌ട്ര നിർമ്മാണത്തിനായി ബിജെപിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനുമൊപ്പം നിലകൊള്ളുമെന്ന് ഉറപ്പാണ്.അതിനാൽ കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

ബിജെപി ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല. ബിജെപി ദുർബലമായിരുന്ന കാലത്തും ബിജെപി സംസ്ഥാനത്തിന്റെ വികസനത്തിനായി നിലകൊണ്ടു. രാജ്യം വളരുന്നതിനൊപ്പം കേരളത്തെയും കൈപിടിച്ചുയർത്താൻ കേന്ദ്രസർക്കാർ ശ്രദ്ധനൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

രാജ്യം ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഗൾഫുനാടുകളിൽ അടക്കമുള്ള നമ്മുടെ സഹോദരങ്ങൾക്ക് ഇക്കാര്യം ബോദ്ധ്യമുള്ളതാണ്. അതിനാൽ 2024 ലെ തിരഞ്ഞെടുപ്പ് പുതിയ ഇന്ത്യയെ മുന്നോട്ട് നയിക്കാനുള്ള തിരഞ്ഞെടുപ്പ് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

 

ബിജെപിയുടെ മൂന്നാം ഊഴത്തിൽ രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും, ഇതാണ് മോദിയുടെ ഗ്യാരന്റി. അഴിമതിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കും. 25 കോടി ജനങ്ങളെ ദാരിദ്ര്യ മുക്തമാക്കി. ഇനിയും ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനവുമായി മുന്നോട്ടുപോകും. യുഡിഎഫും എൽഡിഎഫും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു. മൂന്നാം മോദി സർക്കാർ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ മുന്നോട്ടുനയിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ അവരങ്ങൾ ഒരുക്കുന്നതായിരിക്കും ബിജെപിയുടെ മൂന്നാം ഊഴമെന്നും മോദി പറഞ്ഞു.

 

കേരളത്തിന്റെ വികസനത്തിനായി എല്ലാകാലത്തും ബിജെപി നിലകൊണ്ടു. കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് സഖ്യത്തിന്റെ ലക്ഷ്യം എന്താണ് ചെയ്തിട്ടുള്ളത്. അവർ പതിറ്റാണ്ടുകളായി ഈ നാടിനെ അടിയറവുവച്ചു. ഇരു കൂട്ടരും ഓരോ കുടുംബങ്ങൾക്കുമായാണ് നിലകൊള്ളുന്നത്. കേരളത്തിൽ പരസ്പരം ശത്രുക്കളായവർ മറ്റ് സംസ്ഥാനങ്ങളിൽ ബെസ്റ്റ് ഫ്രണ്ട്‌സ് ഫോർ എവറാണ്. പ്രധാനമന്ത്രി പറഞ്ഞു.

congress Thiruvananthapuram communist family rule BJP PM Narendra Modi